തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ 12 എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കാൻ എക്‌സൈസ്. ഇവരുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കും. മയക്കുമരുന്ന് ആർക്കെല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും എങ്ങനെയാണ് എത്തിയിരുന്നതെന്നും കണ്ടെത്തും.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഒന്നും അറിയില്ലെന്നാണ് മൊഴി നൽകിയത്. ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ അടുത്തയാഴ്ച എക്‌സൈസ് സമർപ്പിക്കും. സ്‌കൂട്ടറിൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് സ്റ്റാമ്പുകൾ കണ്ടെടുത്തത്. കുറെനാളുകളായി മയക്കുമരുന്ന് ഇടപാടുകൾ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് നടത്തിയിരുന്നതായാണ് എക്‌സൈസിന് ലഭിച്ച പ്രാഥമിക വിവരം.
ബ്യൂട്ടി പാർലറിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതിലും ഇടയ്ക്കിടെ വരുന്നതിലും ആരും സംശയിക്കില്ലെന്നത് പ്രതിക്ക് കൂടുതൽ സഹായകരമായെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. വിശദമായ അന്വേഷണത്തിനായി കേസ് എക്‌സൈസ് അസി. കമ്മിഷണർക്ക് കേസ് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയും നായരങ്ങാടി സ്വദേശിയുമായ ഷീല സണ്ണി(51)യെ പിടികൂടിയത്. വിപണിയിൽ 60,000 രൂപയോളം വിലവരുന്നതാണിത്.
ബ്യൂട്ടി പാർലറുകളിലെ നിരീക്ഷണത്തിൽ കുടുങ്ങി
ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ബ്യൂട്ടി പാർലറുകളിലും ടാറ്റു കേന്ദ്രങ്ങളിലും എക്‌സൈസ് നിരീക്ഷണം കർശനമാക്കിയിരുന്നു. ഷീലയുടെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന വിവരം ലഭിച്ചതോടെ നിരീക്ഷണത്തിലായിരുന്നു. ചിലർ ബ്യൂട്ടിപാർലറിലെത്തി ഒരുപാട് സമയം ചിലവഴിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് ഷീലയെയും ഇവരുടെ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. കടയിൽ വരുന്ന യുവതികൾക്ക് ഉൾപ്പെടെ മയക്കുമരുന്ന് വിറ്റിരുന്നതായി നാട്ടുകാർ വിവരം നൽകിയതായും സൂചനയുണ്ട്.
കഴിഞ്ഞവർഷവും സ്ത്രീ പിടിയിൽ
തൃശൂർ നഗരഹൃദയത്തിലെ ബ്യൂട്ടി സ്പായിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും കഴിഞ്ഞവർഷം പിടികൂടിയിരുന്നു. ശങ്കരയ്യ റോഡിലെ ബോഡി സ്പായിൽ നിന്നുമാണ് 150 ഗ്രാം കഞ്ചാവും എം.ഡി.എം.എയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശിയായ അഭിലാഷ്, മൈലിപാടം സ്വദേശിനിയായ ഹസീന (35) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്നിനായി വരുന്ന ആളുകളുമായി സമീപത്തുള്ള വ്യാപാര സ്ഥാപനത്തിലെ ആളുകൾ വാഹന പാർക്കിംഗിനെ ചൊല്ലി തർക്കമുണ്ടാവുകയും, സ്പായിൽ വിദ്യാർത്ഥികളും ചെറുപ്പക്കാരും സ്ഥിരമായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തതിനെതുടർന്ന് എക്‌സൈസിൽ വിവരമറിയിച്ചിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |