കോട്ടയം: 'രാവിലെ മുതൽ പല റേഷൻ കടകൾ കയറിയിറങ്ങുകയാണ്. ഒറ്റയ്‌ക്കാണ് താമസം. റേഷൻ കിട്ടിയില്ലെങ്കിൽ ഞാൻ പട്ടിണിയാകും. ഈ കാത്തിരിപ്പ് കാരണം ഇന്ന് ലോട്ടറി വിൽക്കാനും കഴിഞ്ഞില്ല. സപ്ലൈ ഓഫീസിൽ പോയി പരാതിപ്പെട്ടു, എന്തു കാര്യം"- കാരാപ്പുഴ സ്വദേശിനിയായ അറുപത്തിനാലുകാരി രാധാമണിയുടെ വാക്കുകൾ സങ്കടക്കടലായി. ഇ- പോസ് സെർവർ തകരാർ കാരണം മാസാവസാനം റേഷൻ വാങ്ങാനെത്തിയ ലോട്ടറി വില്പനക്കാരിയായ രാധാമണിയുൾപ്പെടെ ആയിരങ്ങളാണ് ജില്ലയിൽ നിരാശരായി മടങ്ങിയത്. ഇ-പോസ് തകരാറിലാകുമ്പോൾ പകരം ഉപയോഗിക്കുന്ന ഒ.ടി.പി സംവിധാനവും ഫലപ്രദമായില്ല.
തിരക്കും തിരിച്ചടിയായി
ഉപഭോക്താക്കൾ കൂട്ടത്തോടെ റേഷൻകടകളിലേക്ക് എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം. റേഷൻ ധാന്യത്തിനും മണ്ണെണ്ണയ്ക്കുമായി രണ്ടു തവണ ഇ-പോസ് യന്ത്രത്തിൽ ഇടപാട് രേഖപ്പെടുത്തേണ്ടി വരുന്നതും സമയനഷ്ടമുണ്ടാക്കി. ഇന്നലെ ജില്ലയിലെ റേഷൻകടകൾ രാവിലെ മുതൽ ഉച്ചവരെയാണ് പ്രവർത്തിച്ചത്.
പ്രശ്‌നങ്ങൾ ഡയറക്ടറ്റേിൽ അറിയിച്ചിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.
'രണ്ടു മണിക്കൂർ കാത്തുനിന്നിട്ടും റേഷൻ കിട്ടിയില്ല. എല്ലാ മാസാവസാനവും മെഷീൻ തകരാറിലാകുന്നത് പതിവാണ്. പലപ്പോഴും മാസാദ്യം ഭക്ഷ്യധാന്യം മുഴുവനും എത്താറില്ല. അതിനാൽ മിക്കവരും മാസാവസാനമാണ് എത്തുന്നത്".
- കൃഷ്ണൻ, നാട്ടുകാരൻ
'രാവിലെ മുതലുള്ള ജോലി ഉപേക്ഷിച്ചാണ് റേഷൻ വാങ്ങാൻ വന്നുനിൽക്കുന്നത്. വന്നതുപോലെ തന്നെ മടങ്ങേണ്ട അവസ്ഥയാണ്. സമയമാറ്റവും തിരിച്ചടിയായി. പരിഹാരം കാണാൻ ആരും തയ്യാറാകുന്നില്ല".
- ബോബി, വർക്ക്ഷോപ്പ് ജീവനക്കാരൻ
'രാവിലെ മുതൽ 13 റേഷൻ കടകളിൽ കയറിയിറങ്ങി. എല്ലായിടത്തും സെർവർ തകരാർ. അധികൃതരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല".
- ഷിജു, ഓട്ടോ ഡ്രൈവർ
'സമയമാറ്റവും ഇ-പോസ് യന്ത്രത്തകരാറും മൂലം കച്ചവടം കുറയുന്നത് വ്യാപാരികളുടെ വരുമാനം കുറയാനും കാരണമാകും. ഒരു കാർഡ് ഉടമ വന്നാൽ വിതരണം ചെയ്യുന്നതിനു കാലതാമസം നേരിടുന്നുണ്ട്. എത്രയും വേഗം സെർവർ തകരാർ പരിഹരിക്കണം".
- ജിമ്മി തോമസ്, റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |