തിരുവനന്തപുരം: ആറ്റുകാൽ അമ്മയെ വണങ്ങാൻ നിലയ്ക്കാത്ത ഭക്തജന പ്രവാഹം. ക്ഷേത്രത്തിനകത്തും പുറത്തുമെല്ലാം ദേവീമന്ത്രങ്ങൾ മാത്രം. നാരങ്ങാവിളക്കുകൾ കൊളുത്തിയും മറ്റ് നേർച്ചകൾ നടത്തിയും ഭക്തർ ആറ്റുകാലമ്മയെ തൊഴുതുമടങ്ങുന്നു. നഗരം മുഴുവൻ ഉത്സവഛായയിലാണ്. ആറ്റുകാൽ ഭഗവതിയുടെ അലങ്കരിച്ച ചിത്രങ്ങളും പൂജയുമായി വിവിധ സംഘടനകൾ കവലകളിൽ മണ്ഡപങ്ങൾ ഉയർത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളക്കുകെട്ടുകൾ എഴുന്നള്ളിച്ചു തുടങ്ങി. രാത്രി 12 നുള്ള ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രവളപ്പിൽ വിളക്കുകെട്ടുകൾ ഏന്തിയുള്ള എഴുന്നള്ളത്ത് കാണാനും തിരക്കുണ്ട്. അംബ, കാർത്തിക ആഡിറ്റോറിയങ്ങളിൽ രാവിലെ 10.30 ന് ആരംഭിക്കുന്ന പ്രസാദ ഊട്ടിൽ നിരവധി ഭക്തരാണ് പങ്കെടുക്കുന്നത്. മൂന്നു വേദികളിൽ നടക്കുന്ന കലാപരിപാടികൾക്കും കാഴ്ചക്കാരുണ്ട്. ഭഗവതിക്കു മുന്നിൽ സംഗീത നൃത്താർച്ചനകൾ അവതരിപ്പിക്കാൻ നിരവധി യുവപ്രതിഭകൾ എത്തുന്നുണ്ട്.
ട്രെയിനുകളിൽ ബുക്കിംഗ് ഫുൾ
ആറ്രുകാൽ പൊങ്കാല ദിവസമായ മാർച്ച് 7ന് പൊങ്കാല അടുപ്പുകൾ നിരക്കുന്ന പ്രദേശത്തെ ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം മിക്കവാറും ബുക്കിംഗ് ആയിക്കഴിഞ്ഞു. അന്ന് പുലർച്ചെയും തലേന്നുമായി തിരുവനന്തപുരത്തേക്ക് എത്തുന്ന ട്രെയിനുകളിലൊന്നും റിസർവ് ടിക്കറ്റ് കിട്ടാനില്ല. എല്ലാ സീറ്റുകളും പൊങ്കാലക്കാർ ജനുവരിയിൽ തന്നെ റിസർവ് ചെയ്തു കഴിഞ്ഞിരുന്നു. ദീർഘദൂര ബസുകളുടെ അവസ്ഥയും ഇതു തന്നെയാണ്. മാർച്ച് 6നും ഏഴിനും കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവീസുകൾ നടത്തും. സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്ന കാര്യത്തിൽ റെയിൽവേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |