ആലപ്പുഴ: ഇ-പോസ് സെർവർ തകരാർമൂലം തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ റേഷൻ വിതരണം മുടങ്ങി. പലേടത്തും കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തമ്മിൽ തർക്കവും സംഘർഷവും പതിവായിട്ടുണ്ട്. മാസാവസാനമുണ്ടായ സാങ്കേതിക തകരാർ കാരണം ഫെബ്രുവരിയിലെ റേഷൻ സാധനങ്ങൾ വാങ്ങാൻ മാർച്ച് 4 വരെ സർക്കാർ അനുമതി നൽകിയത് ആശ്വാസമായി.
ഇ- പോസ് സെർവർ തകരാറുകൾ പരിഹരിച്ചെന്ന് മന്ത്രി ജി.ആർ. അനിൽ ആവർത്തിക്കുമ്പോഴാണ് റേഷൻവിതരണം വീണ്ടും തടസപ്പെട്ടത്. ഇ- പോസ് യന്ത്രത്തിലെ തകരാറുകൾ ഒരുവിഭാഗം റേഷൻവ്യാപാരികൾ മനപൂർവം സൃഷ്ടിക്കുന്നതാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. സെർവർ പ്രശ്‌നം മന്ത്രി നേരിട്ട് കണ്ടു ബോദ്ധ്യപ്പെടണമെന്നാണ് റേഷൻകടക്കാരുടെ ആവശ്യം.
പലപ്പോഴും മാസാദ്യം ഭക്ഷ്യധാന്യം മുഴുവനും എത്താറില്ല. അതിനാൽ കാർഡുടമകളിൽ പലരും അവസാന ദിവസങ്ങളിലാണ് റേഷൻ വാങ്ങാനെത്തുന്നത്. എല്ലാമാസവും ആദ്യംതന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളുമെത്തിച്ചാൽ നിലവിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാകും. സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ഏഴുജില്ലകളിൽ രാവിലെ മുതൽ ഉച്ച വരെയും മറ്റു ജില്ലകളിൽ ൾച്ച മുതലും എന്ന രീതിയിൽ വിതരണം ക്രമീകരിച്ചിരുന്നു. എന്നിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല.
സെർവർ തകരാർ സംസ്ഥാന തലത്തിലായതിനാൽ പരിഹരിക്കാനുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ റേഷൻ സാധനങ്ങൾ വാങ്ങാനുള്ള സമയപരിധി മാർച്ച് 4 വരെ നീട്ടി
ടി.ഗാനാദേവി, സിവിൽ സപ്ളൈസ് ജില്ലാ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |