രണ്ടാം ടെസ്റ്റ്: ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ 1 റൺസിന് കീഴടക്കി
വെല്ലിംഗ്ടൺ: ടെസ്റ്ര് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യം നിറഞ്ഞ് നിന്ന രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഇംഗ്ലണ്ടിനെതിരെ 1 റൺസിന്റെ നാടകീയ ജയം. ഫോളോൺ ചെയ്ത ശേഷമാണ് ന്യൂസിലൻഡ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 258 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് 48/1 എന്ന നിലയിൽ അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് 256 റൺസിന് ഔട്ടാവുകയായിരുന്നു. 75-ാം ഓവറിലെ രണ്ടാം പന്തിൽ ജയിംസ് ആൻഡേഴ്സണെ (4) വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലിന്റെ കൈയിൽ എത്തിച്ച് വാഗ്നറാണ് കിവികൾക്ക് ജയമൊരുക്കിയത്. രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റെടുത്ത വാഗ്നറാണ് കളി കിവീസിന് അനുകൂലമാക്കിയത്. ടീം സൗത്തി മൂന്നും മാറ്റ് ഹെൻറി രണ്ട് വിക്കറ്റും വീഴ്തി. സ്കോർ ഇംഗ്ലണ്ട് 435/8 ഡിക്ലയേർഡ്, 256/10, ന്യൂസിലൻഡ് 209 /10, 483/10 (ഫോളോൺ). ജയത്തോടെ രണ്ട് മതസരങ്ങൾ ഉൾപ്പെട്ട പരമ്പര 1-1ന് സമനിലയിൽ ആക്കാനും ന്യൂസിലൻഡിനായി.1993-ൽ ഓസ്ട്രേലിയക്കെതിരായ വെസ്റ്റിൻഡീസിന്റെ ജയത്തിനു ശേഷം ഇതാദ്യമായാണ് ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീം ഒരു റൺസിന്റെ ജയം നേടുന്നത്.ഫോളോൺ ചെയ്ത് ഒരു ആ ടെസ്റ്റിൽ ജയിക്കുന്നത് നാലാം തവണയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |