ധാക്ക: വെൽവറ്റ് വസ്ത്രങ്ങൾ, തിളങ്ങുന്ന സ്കേർട്ട്, പുത്തൻ സൺഗ്ലാസ്....ഇതെല്ലാമണിഞ്ഞ് റാംപിൽ ഒന്നിന് പിറകേ ഒന്നായി നിരന്നു. മോഡലുകളല്ല, പൂച്ചകളാണ് കേട്ടോ. ശരിക്കും ക്യാറ്റ് വാക്ക്. ബംഗ്ലാദേശിലെ ധാക്കയിൽ വെള്ളിയാഴ്ച നടന്ന ക്യാറ്റ് ഷോയിലെ കാഴ്ചയാണിത്. ഓമന മൃഗങ്ങളായ പൂച്ചകൾക്ക് വേണ്ടി രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഷോയായിരുന്നു ഇത്. ഉടമകൾക്കൊപ്പമാണ് പല പൂച്ചക്കുട്ടികളും റാംപിലേക്ക് ചുവടുവച്ചത്. ചില പൂച്ചകൾക്കാകട്ടെ ഫാഷനോട് അത്ര താത്പര്യമില്ലായിരുന്നു. ഇക്കൂട്ടർ തിളങ്ങിയത് ഈറ്റിംഗ് കോമ്പറ്റീഷനിലാണ്. ഇനി ചില പൂച്ചകളാകട്ടെ മടിപിടിച്ച് ഒരൊറ്റ ഉറക്കം. സൺഗ്ലാസുകളായിരുന്നു ഷോയിലെ ഏറ്റവും ജനപ്രിയ ഐറ്റം. ഒട്ടുമിക്ക പൂച്ചകളും വിവിധ വർണങ്ങളിലെ ഗ്ലാസുകൾ ധരിച്ചത് കൗതുകമായി. പരസ്പരം മാച്ച് ചെയ്യുന്ന നിറങ്ങളിലും പാറ്റേണുകളിലുമുള്ള തൊപ്പിയും ജാക്കറ്റും ധരിച്ച് ചില പൂച്ചകളെത്തിയപ്പോൾ ഫുട്ബോൾ കിഡ്സ് ആയാണ് ചില പൂച്ചകളെ അവതരിപ്പിച്ചത്. അർജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്സികളാണ് ഇത്തരം പൂച്ചകൾ ധരിച്ചത്. ഏകദേശം 900ത്തോളം വളർത്തുപൂച്ചകൾ ഷോയുടെ ഭാഗമായി. 15,000ത്തിലേറെ പേർ ഷോ കാണാനുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |