മൂന്നാം ടെസ്റ്റ്: രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 163ന് പുറത്ത്,
നാഥാൻ ലയണിന് 8 വിക്കറ്ര്,
ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടത് 76 റൺസ് മാത്രം,
ഇന്നലെ വീണത് 16 വിക്കറ്റ്,
ഇൻഡോർ: ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്ര് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടത് 76 റൺസ് മാത്രം.ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 163 റൺസിന് ഓൾഔട്ടായ ഇന്ത്യയ്ക്ക് നേടാനായത് 75 റൺസിന്റെ മാത്രം ലീഡാണ്. 8 വിക്കറ്റ് വീഴ്ത്തിയ നാഥാൻ ലയണാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ തകർത്തത്. അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ നാഗ്‌പൂരിലേയും ഡൽഹിയിലേയും പോലെ ഇൻഡോറിലും മൂന്ന് ദിവസത്തിനുള്ളിൽ മത്സരമവസാനിക്കും. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം വളരെ ചെറുതാണെങ്കിലും ബൗളർമാരുടെ പറുദീസയായ ഇൻഡോറിൽ എന്തും സംഭവിക്കാമെന്നാണ് ഇന്നലത്തെ കളിക്ക് ശേഷം ഇന്ത്യൻ പേസർ ഉമേഷ് യാദവ് പറഞ്ഞ്.
സ്കോർ: 109/10, 163/10. ഓസ്ട്രേലിയ 197/10.
88 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യൻ നിരയിൽ അർദ്ധ സെഞ്ച്വറി നേടിയ ചേതേശ്വർ പുജാരയ്ക്ക് (59) മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. ശ്രേയസ് അയ്യരും (26) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. തുടക്കത്തിലേ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയാണ് (5) ലയൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മറ്റൊരു ഓപ്പണർ ക്യാപ്ടൻ രോഹിത് ശർമ്മയെ (12) ലയൺ വിക്കറ്റിന് മുന്നിൽ കുരുക്കി. വിരാട് കൊഹ്‌ലി (13), രവീന്ദ്ര ജഡേജ (7),ശ്രീകർ ഭരത് (3),അശ്വിൻ (16) എന്നിരെല്ലാം നിരാശപ്പെടുത്തി. വാലറ്രക്കാരായ ഉമേഷ് .യാദവിനും മുഹമ്മദ് സിറാജിനും അക്കൗണ്ട് തുറക്കാനായില്ല. അക്ഷർ പട്ടേൽ 15 റൺസുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് പിടിച്ചു നിന്ന പുജാര ഡ്രസിംഗ് റൂമിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് സ്കോറിംഗ് വേഗത്തിലാക്കുന്നതിനിടെയാണ് ലയണിന്റെ പന്തിൽ ലെഗ് സ്ലിപ്പിൽ സ്മിത്തിന്റെ മനോഹര ക്യാച്ചിൽ എട്ടാമതായി പുറത്തായത്. 142 പന്ത് നേരിട്ട് 5 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് പുജാരയുടെ ഇന്നിംഗ്സ്. മാത്യു ക്യുനെമാനും സ്റ്റാർക്കും ഓരോ വിക്കറ്ര് വീതം വീഴ്ത്തി.
രാവിലെ 156/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 41 റൺസുകൂടിച്ചേർക്കുന്നതിനിടെ ഓൾഔട്ടായി. 5 ഓവറിൽ 12 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് ഇന്നലെ ഓസ്ട്രേലിയയുടെ തകർച്ചയുടെ പ്രധാന കാരണക്കാരൻ. ആദ്യ ദിനം ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. അശ്വിൻ മൂന്ന് വിക്കറ്ര് വീഴ്ത്തി.
നോട്ട് ദ പോയിന്റ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്രവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങളിൽ കപിൽ ദേവിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി ആർ.അശ്വിൻ. കപിലിന്റെ 448 ഇന്നിംഗ്സുകളിൽ നിന്നുള്ള 687 വിക്കറ്രുകളുടെ റെക്കാഡാണ് അശ്വിൻ മറികടന്നത്. ഇന്നലെ അലക്സ് കാരെയെ പുറത്താക്കിയതോടെ 347 ഇന്നിംഗ്സുകളിൽ നിന്ന് അശ്വിന്റെ വിക്കറ്ര് നേട്ടം 688 ആയി. നിലവിൽ അശ്വിന്റെ ആകെ വിക്കറ്റ് നേട്ടം 689 ആണ്.
നാട്ടിൽ ടെസ്റ്റിൽ വേഗത്തിൽ നൂറ് വിക്കറ്ര് തികയ്ക്കുന്ന ഇന്ത്യൻ പേസറായി ഉമേഷ് യാദവ്. മിച്ചൽ സ്റ്റാർക്കിനെ പുറത്താക്കിയാണ് ഉമേഷ് ഇന്ത്യയിൽ ടെസ്റ്റിൽ നൂറാം വിക്കറ്ര് തികച്ചത്. ടെസ്റ്റിൽ നാട്ടിൽ നൂറ് വിക്കറ്റ് തികയ്ക്കുന്ന പതിമ്മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഉമേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |