തിരുവനന്തപുരം: വാഹനാപകടങ്ങളുടെ മറവിൽ പൊലീസും അഭിഭാഷകരും ചേർന്ന് നടത്തിയ ഇൻഷ്വറൻസ് തട്ടിപ്പിന് ഉപയോഗിച്ച കമ്പ്യൂട്ടറും പ്രിന്ററും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഇടനിലക്കാരൻ അയിരൂർ സ്വദേശി വിജയനുമായി അന്വേഷണസംഘം ഇന്നലെ പാരിപ്പള്ളിയിൽ നടത്തിയ തെളിവെടുപ്പിലാണ് ഇവ പിടിച്ചെടുത്തത്.
പാരിപ്പള്ളിയിൽ ഡി.ടി.പി സെന്റർ നടത്തുകയായിരുന്ന വിജയൻ തട്ടിപ്പിൽ പ്രതിയായതോടെ സെന്റർ അടച്ചുപൂട്ടി കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പാരിപ്പള്ളിയിലെ ഒരു വീട്ടിൽ മാറ്റിയിരുന്നു. ഹാർഡ് ഡിസ്കുൾപ്പെടെയുള്ളവ ഫോറൻസിക് പരിശോധനയ്ക്കായി ഇന്നലെ കോടതിക്ക് കൈമാറി. ഇവ നശിപ്പിച്ചെന്നായിരുന്നു വിജയന്റെ മൊഴി. അന്വേഷണം അട്ടിമറിക്കാനാണ് ഇയാൾ കളവ് പറഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ശാസ്ത്രീയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ പൊങ്കാലയ്ക്ക് ശേഷമാകും കേസിൽ തുടരന്വേഷണം. അതേസമയം വ്യാജ കേസുകൾ ചാർജ് ചെയ്യാൻ കൂട്ടുനിന്ന നഗരത്തിലെ ഒരു അഭിഭാഷകനെ മ്യൂസിയം സ്റ്റേഷനിലെ രണ്ട് കേസുകളിൽ അന്വേഷണസംഘം പ്രതിയാക്കുമെന്നാണ് വിവരം. മ്യൂസിയം,മംഗലപുരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകളിൽ വ്യാജമായി പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കുകയും അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്‌ത ഉദ്യോഗസ്ഥരും പ്രതികളാകും. ഇവരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഉടൻ വിളിപ്പിക്കും. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |