കണ്ണൂർ: പുഴയും പച്ചത്തുരുത്തും സമ്മേളിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലേക്ക് സഞ്ചാരികളെ മാടി വിളിക്കുന്ന പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി നിർമ്മാണം ത്വരിത ഗതിയിൽ. ഏപ്രിൽ അവസാനത്തോടെ നിർമ്മാണം പൂർത്തികരിക്കും.
കെ.സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ, നാറാത്ത് പഞ്ചായത്ത് സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പച്ചക്കൊടി കാട്ടിയതോടെയാണ് പദ്ധതിക്ക് വേഗമേറിയത്. സംസ്ഥാന സർക്കാർ പദ്ധതിക്കായി 4,01,50,000 രൂപയുടെ ഭരണാനുമതി നൽകി പ്രവൃത്തി ആരംഭിച്ചത്. പുഴയോരങ്ങളിൽ ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോട് കൂടിയ വിളക്ക് കാലുകൾ, വാട്ടർ സ്‌പോർട്സ് ആ്ര്രകിവിറ്റികൾ, പാർക്ക്, നടപ്പാതകൾ, സൈക്ലിംഗ് പാത, കഫ്‌റ്റേരിയ തുടങ്ങിയവ നിർമ്മാണത്തിലാണ്.
പാർക്ക്, സിറ്റിംഗ് ബെഞ്ചുകൾ, ബാത്ത് റൂം ,ഷോപ്പുകൾ എന്നിവയുടെ നിർമ്മാണവും നടപ്പാതകളുടെ പ്രവൃത്തിയും നടന്നു വരികയാണ്. മുംബെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന പതിനാറ് മീറ്റർ നീളത്തിൽ പാലത്തോടു കൂടിയ ഫ്‌ളോട്ടിംഗ് ഡൈനിംഗുകളും സിംഗിൾ ഡൈനിംഗുകളും പുഴയോര കാഴ്ചയ്ക്ക് മിഴിവേകും.
സമൃദ്ധം കണ്ടൽക്കാഴ്ച
കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടന പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്താലും സമൃദ്ധമാണ് പുല്ലൂപ്പിക്കടവ്. സായാഹ്നങ്ങളിൽ കുടുംബസമേതം നിരവധി പേരാണ് ഇവിടെ സന്ദർശിക്കുന്നത്. കുട്ടികളുടെ പാർക്കോ വാഹന പാർക്കിംഗ് സൗകര്യമോ ഒരുക്കാത്തതിനെ തുടർന്ന് എം.എൽ.എയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. പദ്ധതി പൂർത്തികരിക്കുന്നതോടെ നാറാത്തിന്റെയും അഴീക്കോട് മണ്ഡലത്തിന്റെയും ടൂറിസം സ്വപ്നങ്ങൾക്ക് വലിയൊരു മുതൽകൂട്ടായി മാറും ഈ പദ്ധതി.
പുല്ലൂപ്പിക്കടവ് മേഖലയിലെ ടൂറിസം സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ വാക്ക് വേയും ഇരിപ്പിടങ്ങളും ഒക്കെയായി വലിയൊരു സൗന്ദര്യവത്കരണ പദ്ധതിയാണ് യാഥാർത്ഥ്യമാവുന്നത്.കണ്ണാടിപ്പറമ്പിനെ കക്കാട് കണ്ണൂർ ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലവും അനുബന്ധ റോഡിലുമൊക്കെയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഏറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.കെ. കൺസ്ട്രാക് ക്ഷൻ കമ്പനി നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്. സർക്കാർ 4,01,50,000 രൂപയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |