മോസ്കോ : റഷ്യയുടെ സ്‌പുട്‌നിക് - വി വാക്സിൻ വികസിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ച ഉന്നത ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ. 47കാരനായ വൈറോളജിസ്റ്റ് ആൻഡ്രെ ബോട്ടികൊവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മോസ്കോയിലെ റൊഗോവ സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റിൽ കഴുത്തിൽ ബെൽറ്റ് വച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്‌പുട്നിക് വാക്സിന്റെ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ച മോസ്കോയിലെ ഗമേലയ നാഷണൽ റിസേർച്ച് സെന്ററിലെ 18 ഗവേഷകരിൽ ഒരാളായിരുന്നു ഇദ്ദേഹം. സംഭവത്തിൽ പ്രതിയെന്ന് കരുതുന്ന അലക്സി ( 29 ) എന്നയാളെ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് റിപ്പോർട്ട്. ആക്രമണ കാരണം വ്യക്തമല്ല. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി ഇതിന് മുമ്പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ശാസ്ത്രലോകത്തെ സംഭാവനകൾ പരിഗണിച്ച് റഷ്യ ഓർഡർ ഫോർ മെറിറ്റ് റ്റു ദ ഫാദർലാൻഡ് ബഹുമതി നൽകി ആദരിച്ച ഗവേഷകനാണ് ബോട്ടികൊവ്. സ്‌പുട്നിക് ഗവേഷണത്തിന് മുമ്പ് ഡി.ഐ ഇവാനോവ്സ്കി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ സീനിയർ സയന്റിസ്റ്റായിരുന്നു ബോട്ടികൊവ്.
അതേ സമയം, യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രമുഖരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മാസം, റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായികളിൽ ഒരാളുമായ മറീന യാൻകിന ( 58 ) കെട്ടിടത്തിന്റെ പതിനാറാം നിലയിൽ നിന്ന് വീണുമരിച്ചിരുന്നു. പുട്ടിൻ പുറത്താക്കിയ സൈനിക ജനറൽ വ്ലാഡിമിർ മകറോവിനെ ( 72 ) കഴിഞ്ഞ മാസം സ്വയം വെടിവച്ച് മരിച്ച നിലയിലും കണ്ടെത്തി.
ഇക്കഴിഞ്ഞ ഡിസംബറിൽ റഷ്യൻ എം.പിയും വ്യവസായിയുമായ പവേൽ ആന്റോവ് ( 65 ) ഒഡിഷയിലെ റായഗഡയിൽ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തും റഷ്യൻ രാഷ്ട്രീയ നേതാവുമായ വ്ലാഡിമിർ ബുഡനോവ് (61) ഡിസംബർ 22ന് ഹൃദയാഘാതത്തെ തുടർന്ന് ഇതേ ഹോട്ടലിൽ മരിച്ചിരുന്നു.
സ്‌പുട്‌നിക് - വി
2020 ഓഗസ്റ്റിലാണ് റഷ്യ സ്‌പുട്‌നിക് - വിയ്ക്ക് അംഗീകാരം നൽകിയത്. ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ അംഗീകാരം ലഭിക്കുന്ന കൊവിഡ് വാക്സിനാണ് സ്പുട്നിക്. സ്പുട്നിക് 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെട്ടത്. എന്നാൽ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാകും മുന്നേ വാക്സിന് അംഗീകാരം നൽകിയത് വ്യാപക വിമർശനത്തിനിടയാക്കി.
സ്പുട്നികിന്റെ ഫലപ്രാപ്തി പാശ്ചാത്യ രാജ്യങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും മാസങ്ങൾക്കകം ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളിൽ അടിയന്തര ഉപയോഗാനുമതി ലഭിച്ചു. സ്പുട്നിക് - വി വാക്സിന്റെ ഒറ്റ ഡോസ് പതിപ്പായ 'സ്പുട്നിക് ലൈറ്റും" വൈകാതെ വിപണിയിലെത്തി.
ശീതയുദ്ധക്കാലത്ത് അമേരിക്കയോട് കാട്ടിയ അതേ വീറും വാശിയും തന്നെയാണ് റഷ്യ കൊവിഡ് 19 വാക്സിന്റെ കണ്ടുപിടുത്തത്തിലും കാട്ടിയത്. അമേരിക്കയെ പിന്തള്ളി ബഹിരാകാശത്തേക്ക് വിജയകരമായി അയച്ച ആദ്യ പേടകമായ സ്‌പുട്‌നികിന്റെ അതേ പേര് തന്നെയാണ് ലോകത്ത് ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട കൊവിഡ് വാക്സിനും റഷ്യ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |