തിരുവനന്തപുരം: പൊങ്കാലത്തിരക്ക് പരിഗണിച്ച് നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ അധിക ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളും പ്രത്യേക മെഡിക്കൽ ഫസ്റ്റ് എയ്ഡ് ഡെസ്കുകളും തുറക്കുമെന്നും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തമ്പാനൂരിൽ സ്റ്റേഷന് പുറത്തും മെഡിക്കൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ഇന്ന് കന്യാകുമാരി - പുനലൂർ,നാഗർകോവിൽ - തിരുവനന്തപുരം ട്രെയിനുകളിൽ രണ്ട് കോച്ച് അധികമായി ഉൾപ്പെടുത്തി. പുനലൂരിൽ നിന്ന് കൊല്ലം വഴി തിരുവനന്തപുരത്തേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ ഇന്ന് സർവീസ് നടത്തും. പുനലൂരിൽ നിന്ന് രാവിലെ 4ന് പുറപ്പെട്ട് കൊല്ലത്ത് 5.07നും തിരുവനന്തപുരത്ത് 7.10നും എത്തിച്ചേരും. ഉച്ചയ്ക്ക് 2.45നാണ് തിരുവനന്തപുരത്തു നിന്ന് മടക്ക സർവീസ്. നാഗർകോവിലിൽ നിന്ന് രാവിലെ 3.30ന് പുറപ്പെട്ട് തിരുവനന്തപുരത്ത് 5.30ന് എത്തുന്ന സ്പെഷ്യൽ ട്രെയിൻ സർവീസുമുണ്ടാകും. ചെന്നൈയിലേക്കുള്ള അനന്തപുരിക്ക് പൊങ്കാല നേമത്തും നാഗർകോവിലിൽ നിന്ന് ഗാന്ധിധാമിലേക്കുള്ള എക്സ്പ്രസിന് ചിറയിൻകീഴ്,കടയ്ക്കാവൂർ,മയ്യനാട് എന്നിവിടങ്ങളിലും സ്റ്റോപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |