ടെഹ്‌റാൻ: ഹിജാബ് അടക്കം രാജ്യത്ത് അനുവദനീയമായ വസ്ത്രരീതികൾ പാലിക്കാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് ഇറാൻ. ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ മുതൽ രാജ്യത്ത് വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് ഭരണകൂടത്തിന്റെ പ്രസ്താവന.
ഒരാൾ ഹിജാബ് നീക്കം ചെയ്യുന്നത് രാജ്യത്തോടും അതിന്റെ മൂല്യങ്ങളോടും വിദ്വേഷം പ്രകടമാക്കുന്നതിന് തുല്യമാണെന്ന് ജുഡീഷ്യറി തലവൻ ഖോലോംഹൊസൈൻ മൊഹ്‌സെനി ഇജെയ് പറഞ്ഞു. ഇത്തരത്തിൽ അസാധാരണ പ്രവർത്തികൾ ചെയ്യുന്നവരെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ശിക്ഷിക്കുമെന്നും മൊഹ്‌സെനി പറയുന്നു.
വിഷപ്രയോഗം : അപലപിച്ച് ഖമനേയി
വിദ്യാഭ്യാസം നേടുന്നത് തടയാൻ രാജ്യത്തെ പെൺകുട്ടികൾക്ക് നേരെ അജ്ഞാതർ വിഷ വാതക പ്രയോഗം നടത്തിയ സംഭവങ്ങളിൽ അപലപിച്ച് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി രംഗത്തെത്തി. സംഭവങ്ങൾ മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്നും ഇതിന് പിന്നിലുള്ളവർക്ക് കഠിനമായ ശിക്ഷ നൽകുമെന്നും ഖമനേയി പറഞ്ഞു.
ശ്വാസകോശ സംബന്ധമായ വിഷബാധയേറ്റ പെൺകുട്ടികളുടെ എണ്ണം 900 കടന്നതിനിടെയാണ് ഖമനേയിയുടെ പ്രതികരണം. നവംബർ മുതലാണ് തലവേദന, ശ്വസന ബുദ്ധിമുട്ടുകൾ, ഹൃദയമിടിപ്പിലെ തകരാറ് തുടങ്ങിയ ലക്ഷണങ്ങളോടെ പെൺകുട്ടികൾ ചികിത്സ തേടാൻ തുടങ്ങിയത്.
പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളുകൾ അടച്ചുപൂട്ടിക്കുകയും അവരുടെ വിദ്യാഭ്യാസം ഇല്ലാതാക്കുകയുമാണ് സംഭവത്തിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് ആരോഗ്യ ഉപമന്ത്രിയായ യൂനസ് പനാഹി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |