# 73-ാം വയസിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം ആലപ്പുഴയിൽ
ആലപ്പുഴ: ഉദയാ സ്റ്റുഡിയോയുടെ രംഗപടങ്ങൾക്ക് മിഴിവേകിയിരുന്ന ചിത്രകാരൻ ഗിരി അൻസേരയുടെ കലാപാരമ്പര്യം മക്കളിലേക്ക് ഒഴുകിയെത്തിയെങ്കിലും ഭർത്താവിന്റെയും മക്കളുടെയും കലാലോകത്തേക്ക് ഇന്നോളം തിരിഞ്ഞുനോക്കാതിരുന്ന രമണി 73-ാം വയസിൽ ചിത്രരചനയിൽ അരങ്ങേറ്റം കുറിച്ചു. അതും, കൊച്ചുമകനായ അഞ്ച് വയസുകാരൻ നെയ്തലിനൊപ്പം. 73ലെ അരങ്ങേറ്റം ആഘോഷമാക്കാൻ രമണി വരച്ച 73 കളർ പെൻസിൽ ഡ്രോയിംഗുകൾ തയ്യാർ. വിശ്രമവേളകളിൽ വെറുതേ വരച്ച നൂറു കണക്കിന് ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം ഈ മാസം 19ന് ആലപ്പുഴയിലെ കേരള ലളിതകല അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിക്കും.
റിട്ട. നഴ്സിംഗ് അസിസ്റ്റന്റായ പൂന്തോപ്പ് അൻസേരയിൽ രമണി, കൊച്ചുമകൻ വരച്ച ചിത്രങ്ങൾക്ക് പൂർണത പകർന്നാണ് അറിയാതെ തന്നെ കലയുടെ ട്രാക്കിലെത്തിയത്. അഞ്ച് വയസുകാരൻ വരച്ച കോഴിയുടെയും ടെഡി ബിയറിന്റെയും ചിത്രം അച്ഛമ്മയും വരയ്ക്കാൻ തുടങ്ങി. ചിത്രങ്ങൾ കണ്ട കലാ അദ്ധ്യാപകൻ കൂടിയായ മൂത്ത മകൻ രാകേഷ് അൻസേരയും മറ്റ് മക്കളും പ്രോത്സാഹനം നൽകി.
ഇതോടെ, ഗിരി അൻസേരയുടെ പത്താം ഓർമ്മദിനത്തിൽ കുടുംബ ചിത്രപ്രദർശനം സംഘടിപ്പിച്ചു. രാകേഷ് അൻസേര, ധീരേഷ് അൻസേര, കൊച്ചുമക്കളായ നന്ദന, നിധീഷ്, നയന, നിർമ്മൽ, നെയ്തൽ എന്നിവർക്കൊപ്പം രമണി വരച്ച മൂന്ന് ചിത്രങ്ങളും ഉൾപ്പെടുത്തിയായിരുന്ന പ്രദർശനം. ചിത്രങ്ങൾ കാണാനെത്തിയവരിൽ നിന്ന് മികച്ച അഭിപ്രായം ലഭിച്ചതോടെ വര രമണി ഗൗരവത്തിലെടുത്തു.
# നിറം നിർദ്ദേശിച്ച് തുടക്കം
കെ.എസ്.ആർ.ടി.സിയിൽ ലഭിച്ച ജോലി വേണ്ടെന്നു വച്ച് പാട്ടിലും നാടകത്തിലും ചിത്രരചനയിലും പുതിയൊരു ലോകം കണ്ടെത്തിയ ആളാണ് ഗിരി അൻസേര. അദ്ദേഹം വരച്ച ചില ബാനറുകളിലേക്ക് ഏതാനും നിറങ്ങൾ നിർദ്ദേശിച്ചതാണ് രമണിക്ക് ആകെ കൈമുതലായ കലാപാരമ്പര്യം. വീട് മുഴുവൻ കലാകാരന്മാരാണെങ്കിലും തനിക്ക് ചിത്രം വരയ്ക്കാനാകുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് രമണി പറയുന്നു. മൂത്ത മകൻ രാകേഷ് വിദ്യാർത്ഥികളെ വീട്ടിൽ പോയി പഠിപ്പിക്കാൻ ഉപയോഗിക്കുന്ന ചിത്രങ്ങൾ നോക്കിയാണിപ്പോൾ ചിത്രരചന. ചെറിയ കുറവുകൾ മക്കൾ പറഞ്ഞു തിരുത്തും. കളർ പെൻസിലുകളിലാണ് രചന. പെയിന്റ് ഉപയോഗിച്ച് പരിശീലനം ആരംഭിച്ചിട്ടില്ല. മൃഗങ്ങളും പക്ഷികളും മനുഷ്യരും പ്രകൃതിയുമെല്ലാം ഇപ്പോൾ രമണിയുടെ ചിത്രങ്ങൾക്ക് വിഷയമാണ്. തകഴി ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടന്റായ ഇളയ മകനൊപ്പം മണ്ണഞ്ചേരിയിലാണ് താമസം. എല്ലാവരും ജോലിക്കും കുട്ടികൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ ലഭിക്കുന്ന ഇടവേളകളാണ് രമണിയമ്മ ചിത്രരചനയ്ക്ക് വിനിയോഗിക്കുന്നത്. പ്രദർശനത്തിന് മുന്നോടിയായി ചിത്രങ്ങൾ ഫ്രെയിം ചെയ്യുന്ന തിരക്കിലാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |