SignIn
Kerala Kaumudi Online
Friday, 25 July 2025 5.41 PM IST

നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞു, ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാദ്ധ്യമങ്ങളെ നിങ്ങൾക്ക് എന്താണ്?

Increase Font Size Decrease Font Size Print Page
manju-sunichen

തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മറ്റും ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന വ്യാജ വാർത്തകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മഞ്ജു പത്രോസ്. അടുത്തിടെയായിരുന്നു നടിയുടെ വീടിന്റെ ഗൃഹപ്രവേശനം നടന്നത്. ചടങ്ങിൽ ഭർത്താവ് സുനിച്ചൻ എത്താത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടി പ്രതികരിച്ചിരിക്കുന്നത്.

നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്നൊക്കെയായിരുന്നു നടിക്കെതിരെ വന്ന വിമർശനങ്ങൾ. തങ്ങൾ ഒന്നിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാദ്ധ്യമങ്ങൾക്കെന്താണെന്ന് മഞ്ജു കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

നമസ്കാരം

കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു ഞാൻ.. അതിനുവേണ്ടി രാത്രിയെന്നില്ല പകലെന്നില്ലാതെ ജോലി ചെയ്തു.. ജോലി ചെയ്തു എന്നല്ല പറയേണ്ടത്.. ആരോഗ്യം പോലും നോക്കാതെ ചോര നീരാക്കി ഞാൻ ഓടി... ഓടിയോടി ഓട്ടത്തിനൊടുവിൽ ഞാൻ ആ സ്വപ്നത്തിൽ എത്തി... അതെ ഞങ്ങളുടെ വീട്... കല്ലും മണ്ണും കൊണ്ടല്ല ഞാൻ ആ വീട് പണിതത്.. എൻറെ ചോരയും വീയർപ്പും സ്വപ്നങ്ങളും കൊണ്ടാണ്... നിങ്ങളിൽ പലർക്കും അത് മനസ്സിലാകും... കാരണം നിങ്ങളിൽ പലരും ആ വേവ് അറിഞ്ഞവരാണ്..

വളരെ ആലോചനകൾക്ക് ശേഷമാണ് ഇങ്ങനെയൊരു കത്ത് ഞാൻ എഴുതുന്നത്... ഇത് എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന എൻറെ സുഹൃത്തുക്കൾക്ക് വേണ്ടി എഴുതുന്നതല്ല.. കാരണം അവർക്കൊക്കെ എന്നെ മനസ്സിലാകും... മറിച്ച് ഇവിടെ അന്യായ കസർത്തുകൾ കാണിച്ചു കൊണ്ടിരിക്കുന്ന ഓൺലൈൻ വാർത്ത മാധ്യമ അധർമ്മികൾക്ക് വേണ്ടിയാണ്.. നിങ്ങൾ ആരെന്നാണ് നിങ്ങളുടെ വിചാരം? എന്താണ് നിങ്ങളുടെയൊക്കെ ധാരണ?

മരിക്കാത്തവനെ കൊന്നും ഡൈവോഴ്സ് ആകാത്തവരെ തമ്മിൽ പിരിച്ചും ഗർഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങൾ മാധ്യമധർമ്മം നിറവേറ്റാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ... ഒരു മുറിയും ഒരു ഫോണും ഇൻറർനെറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ? ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കൾക്ക് പോലും ഉണ്ട് ... ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ട്...

ഞാനൊരു സെലിബ്രിറ്റി അല്ല... അഭിനയം എൻറെ തൊഴിൽ മാത്രമാണ്... ജീവിതം കൈവിട്ടു പോകാൻ പോകുന്നു എന്നറിഞ്ഞ നിമിഷത്തിൽ അത് കെട്ടിപ്പടുക്കാൻ അഹോരാത്രം ഓടിയ ഒരുത്തിയാണ് ഞാൻ.. എന്നെപ്പോലെ ഒരുപാട് സ്ത്രീകൾ ഇവിടെയുണ്ട്...

ബാങ്കിൽനിന്ന് ലോണെടുത്തും പണിയെടുത്തും ഒരു വീട് വെച്ചപ്പോൾ അത് കോടികളുടെ വീടാക്കി നിങ്ങൾ... നിങ്ങളാണോ എൻറെ വീട്ടിൽ കോടികൾ കൊണ്ട് തന്നത് ?ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോൾ, നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങൾ.. സുനിച്ചനെ ഡൈവോഴ്സ് ചെയ്തു പോലും.. അതൊക്കെ നിങ്ങൾ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ? അല്ലെങ്കിൽ ആ മനുഷ്യൻ എവിടെയെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാൻ അദ്ദേഹത്തിനെ ഒഴിവാക്കിയെന്ന്? അതൊക്കെ പോട്ടെ ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാദ്ധ്യമങ്ങളെ നിങ്ങൾക്ക് എന്താണ്? കേരളം നേരിടുന്ന ആഭ്യന്തരപ്രശ്നമാണോ ഞങ്ങളുടെ ദാമ്പത്യം? അടുത്ത നിങ്ങളുടെ പ്രശ്നം എൻറെ കൂട്ടുകാരിയാണ്.... എന്റെ എല്ലാ ഘട്ടത്തിലും, സുഖത്തിലും.. ദുഃഖത്തിലും.. കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഞാൻ വെച്ച വീട്ടിൽ വരുമ്പോൾ നിങ്ങൾക്കൊക്കെ എവിടെയാണ് പൊള്ളുന്നത്? അവൾ മാത്രമല്ല എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.. അവരെല്ലാം എന്റെ വീട്ടിൽ വരും.. അതിൻറെ അർത്ഥം അവരെല്ലാം എന്റെ ജീവിതപങ്കാളികളാണെന്നാണോ? എൻറെ പൊന്ന് ഓൺലൈൻ വാർത്ത മാധ്യമങ്ങളെ, എന്നാണ് നിങ്ങളുടെയെല്ലാം തലയിൽ വെളിച്ചം വീഴുന്നത്? കഷ്ടം...

നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളു.. എന്റെ സുഹൃത്തുക്കൾ ഇനിയും എന്റെ വീട്ടിൽ വരും... അതിന്റെ പേരിലോ എന്റെ കുടുംബത്തിന്റെ പേരിലോ ഇനിയും നിങ്ങൾ നുണക്കഥകൾ പടച്ചു വിടാനാണ് തീരുമാനിച്ചിരിക്കുന്നത് എങ്കിൽ,നിങ്ങൾ ചെയ്തോളൂ ...പക്ഷേ എന്നാൽ കഴിയുന്നത് ഞാനും ചെയ്യും.. അതിനൊക്കെയുള്ള സാഹചര്യം ഇപ്പോൾ ഈ നാട്ടിലുണ്ട്..

ഞാനിപ്പോൾ ഇത് പറയുന്നത് എനിക്ക് വേണ്ടി മാത്രമല്ല ..നിങ്ങളുടെ കൊള്ളരുതായ്മകൾ കൊണ്ട് പൊറുതിമുട്ടിയ നിരവധി പേരുണ്ടിവിടെ... അവർക്ക് കൂടി വേണ്ടിയാണ്... അതുകൊണ്ട് ഓരോരുത്തർക്കും അവരവരുടെ ജീവിതം വിട്ടുകൊടുക്കുക.. എല്ലാവരും ജീവിക്കട്ടെ... അവർക്ക് ഇഷ്ടമുള്ളതുപോലെ.. നിങ്ങൾ എഴുതി വിടുന്ന നുണക്കഥകളെ പേടിക്കാതെ...

ഒരു കാര്യം എടുത്തു പറയട്ടെ..ഞാൻ ഓൺലൈൻ വാർത്തമാധ്യമപ്രവർത്തകരെ അടച്ച് ആക്ഷേപിച്ചതല്ല... മറ്റുള്ളവരുടെ ജീവിതം കൊണ്ട് അമ്മാനമാടി നുണക്കഥകൾ മാത്രം വിറ്റ് ജീവിക്കുന്ന ഒരു കൂട്ടം ചാനലുകൾ ഉണ്ട്.. അവരെയാണ്... എപ്പോഴും ആലോചിക്കും വീട്ടിലേക്ക് അരി മേടിക്കാൻ ആണല്ലോ ഇവർ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്... വീട്ടിലിരിക്കുന്നവർക്ക് ഇങ്ങനെ ചിലവിനു കൊടുത്തിട്ട് എന്താണ് കാര്യം?

ഇത്രയും പറഞ്ഞതുകൊണ്ട് നാളെ നിങ്ങൾക്ക് ഞാൻ ശത്രു ആയിരിക്കും... പക്ഷേ എനിക്ക് നിങ്ങളെ പേടിയില്ല... കാരണം സത്യം മാത്രമേ എന്നും വിജയിക്കു.. സത്യം മാത്രം...

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ദാസാ...?

സ്ത്രീകളോട്..

നമുക്ക് ജീവിക്കണം.. ജയിക്കണം.. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി കുടുംബത്തിനുവേണ്ടി... വഴിവക്കിൽ തെരുവ് നായ്ക്കൾ ഇനിയും നമ്മളെ നോക്കി കുരച്ചുകൊണ്ടേയിരിക്കും.. അതിൽ പതറാതെ നമുക്ക് മുന്നോട്ട് പോകാം... ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ...

TAGS: MANJU SUNICHEN, FB POST, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.