പ്രിമിയർ ലീഗിൽ ബേൺമൗത്ത് 1-0ത്തിന് ലിവർപൂളിനെ കീഴടക്കി
മുഹമ്മദ് സലാ ലീഗിൽ ആദ്യമായി പെനാൽറ്റി പാഴാക്കി
ലണ്ടൻ : കഴിഞ്ഞ വാരം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത ഏഴുഗോളുകൾക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്ന ലിവർപൂളിനെ ഇന്നലെ നടന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് ബേൺമൗത്ത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 28-ാം മിനിട്ടിൽ ഫിലിപ്പ് ബില്ലിംഗ് നേടിയ ഗോളിനാണ് ബേൺമൗത്ത് ലിവർപൂളിന്റെ അടപ്പൂരിയത്.
തങ്ങൾക്ക് ലഭിച്ച പെനാൽറ്റി പോലും പാഴാക്കിയാണ് ലിവർപൂൾ തോറ്റുപോയത്. സൂപ്പർ താരം മുഹമ്മദ് സലായാണ് പെനാൽറ്റി പാഴാക്കിയത്. കരിയറിൽ ആദ്യമായാണ് സലാ പ്രിമിയർ ലീഗിൽ ഒരു പെനാൽറ്റി പാഴാക്കുന്നത്.
ബുധനാഴ്ച ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടാനിരിക്കുന്ന ലിവർപൂളിന് ഇന്നലത്തെ തോൽവി വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ പാദത്തിൽ 5-3ന് റയൽ ലിവർപൂളിനെ തോൽപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |