കൊല്ലം : പേരിൽ പുതുമയുണ്ടെങ്കിലും പുത്തൻചന്ത ഇപ്പോഴും പഴയ അസൗകര്യങ്ങൾക്ക് നടുവിലാണ്. കൊല്ലം കോർപറേഷന്റെ 24, 30 ഡിവഷനുകളായ കിളികൊല്ലൂരും കോളേജ് ഡിവിഷനും അതിരിടുന്ന പഴമക്കാരുടെ തട്ടാമല ചന്തയാണ് അടുത്തിടെ പുത്തൻചന്തയായത്.
പേരിലെ പുതുമ കേട്ട് ചന്തയിൽ ചെന്നാൽ എത്തുന്നത് വീർപ്പുമുട്ടലിന്റെ കേന്ദ്രത്തിലാകും.
സ്ഥല പരിമിതിയാണ് ഇവിടത്തെ പ്രധാന പ്രശ്നം.
റോഡിനോട് ചേർന്ന് ഇറക്കിയ തട്ടിലാണ് കച്ചവടത്തിനായി മീൻ നിരത്തിയിരിക്കുന്നത്. ആദ്യം ഒരു കുട്ട മീനിൽ തുടങ്ങിയത് ഇപ്പോൾ പലതായി. മത്സ്യത്തിന് പിന്നാലെ പച്ചക്കറിയും പഴങ്ങളുമെത്തി. ഇപ്പോൾ വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ ഉൾപ്പടെ സജീവമാണ് ഈ വാണിഭ കേന്ദ്രം.
നിത്യവും രാവിലെ പത്തിന് തുടങ്ങി ഉച്ചവെയിലിന് മുമ്പേ പിരിയുന്നതാണ് ചന്ത. ചൂട്ടറവിള, തെക്കടത്ത് , ഇംപീരിയൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ സമീപവാസികൾക്ക് ഏറെ സൗകര്യപ്രദമാണ്. എന്നാൽ, പുതിയ ബൈപ്പാസിന്റെ അയത്തിൽ കല്ലുന്താഴം ഭാഗത്തിന് സമാന്തരമായുള്ള ഈ ഇടറോഡിലൂടെ ബസ് സർവീസില്ല. സാധരണക്കാരുടെ ആശ്രയമായി മാറിയ പുത്തൻചന്ത, എത്രനാൾ ഇങ്ങനെ വഴിവക്കിൽ പ്രവർത്തിക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമായി നാട്ടുകാരുടെ മുന്നിൽ അവശേഷിക്കുന്നുണ്ട്.
അസൗകര്യങ്ങൾക്ക് നടുവിലാണെങ്കിലും, ചന്തയും പരിസരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നതിൽ കച്ചവടക്കാർ പ്രത്യേക താല്പര്യമെടുക്കുന്നത് കാരണം 'പ്രാദേശിക സൗഹൃദ ' മായാണ് പ്രവർത്തനം.
..................................................................................................................................................
പുത്തൻചന്തയുടെ വികസനവും നവീകരണവും ആലോചനയിലുണ്ടെങ്കിലും സ്ഥലപരിമിതിയാണ് തടസം. അടുത്ത പ്രദേശങ്ങളിൽ സ്വകാര്യമാർക്കറ്റുകളുള്ളതാണ് മറ്റൊരു പ്രശ്നം. എങ്കിലും പഴയ കാലത്തെ ഒരു ചന്ത എന്ന നാടിന്റെ വികാരം ഉൾക്കൊണ്ട് പുത്തൻചന്തയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പരമാവധി ഇടപെടും.
എ.നൗഷാദ്, കൗൺസിലർ
കിളികൊല്ലൂർ ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |