ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി കേന്ദ്രസർക്കാർ. സ്വവർഗ വിവാഹം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ സത്യവാങ്‌മൂലം നൽകിയത്.
ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല. ഭാര്യ, ഭർത്താവ് അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.
സ്വവർഗ വ്യക്തികളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിലവിലുള്ള വ്യക്തിപരവും ക്രോഡീകരിച്ചതുമായ 'നിരോധിത ബന്ധം', 'വിവാഹ വ്യവസ്ഥകൾ', വ്യക്തികളെ നിയന്ത്രിക്കുന്ന വ്യക്തിനിയമങ്ങൾക്ക് കീഴിലുള്ള ' ആചാരപരവുമായ ആവശ്യകതകൾ' എന്നിങ്ങനെയുള്ള നിയമ വ്യവസ്ഥകളുടെ ലംഘനത്തിന് കാരണമാകുന്നു.
വിവാഹത്തെക്കുറിച്ചുള്ള സങ്കൽപ്പം എതിർലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള ഐക്യത്തെ മുൻനിർത്തുന്നതാണ്. ഈ നിർവചനം സാമൂഹികമായും സാംസ്കാരികമായും നിയമപരമായും വിവാഹത്തെക്കുറിച്ചുള്ള ആശയത്തിലും സങ്കൽപ്പത്തിലും വേരൂന്നിയതാണ്. ഇത് ജുഡീഷ്യൽ വ്യാഖ്യാനത്താൽ മാറ്റം വരുത്തരുതെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |