SignIn
Kerala Kaumudi Online
Thursday, 19 September 2024 1.35 AM IST

ഫ്യൂസ് ഊരാൻ ഇറങ്ങും മുമ്പ്

Increase Font Size Decrease Font Size Print Page

photo

യുവസംരംഭകരെ നാനാവഴിക്കും പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ശ്രമം ഒരുവശത്തു നടക്കുമ്പോൾ കണ്ണിൽ ചോരയില്ലാത്ത നടപടികളിലൂടെ അവരെ പരമാവധി ദ്രോഹിക്കാനുള്ള യത്നമാണ് മറുവശത്ത്. ഇതിന്റെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചുറ്റിലും കാണാം. 214 രൂപ കുടിശികയുടെ പേരിൽ കൊല്ലത്ത് ആശ്രാമം മൈതാനത്തിനടുത്ത് യുവ സംരംഭകന്റെ ഐസ്‌ക്രീം പാർലറിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെത്തുടർന്നുണ്ടായ ഭീമമായ നഷ്ടത്തിന്റെ റിപ്പോർട്ട് തിങ്കളാഴ്ച ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടുദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ഫ്രീസർ പ്രവർത്തനരഹിതമായി ശേഖരിച്ചിരുന്ന പദാർത്ഥങ്ങളത്രയും ഉപയോഗശൂന്യമായി. ഒരുലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ നഷ്ടമാണ് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ ആ യുവാവിന് ഒറ്റയടിക്കു നഷ്ടമായത്.

വാടകയ്‌ക്കെടുത്തു നടത്തുന്ന കടയ്ക്ക് വൈദ്യുതി ബില്ലിൽ കുടിശികയുള്ള കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവാവും വൈദ്യുതി ബോർഡിൽനിന്ന് അത്തരത്തിലൊരു അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് കട ഉടമയും പറയുന്നു. അഥവാ കുടിശിക ഉണ്ടെങ്കിൽത്തന്നെ വൈദ്യുതി വിച്ഛേദിക്കുന്നതിനു മുൻപ് വിവരം കടനടത്തിപ്പുകാരനെ അറിയിക്കുന്ന ഒരു മര്യാദയില്ലേ? പ്രത്യേകിച്ചും ഏതാനും മണിക്കൂർ വൈദ്യുതി ഇല്ലാതായാൽ നശിച്ചുപോകുന്ന ഉത്പന്നങ്ങൾ വില്‌ക്കുന്ന കടയാകുമ്പോൾ. ബിൽ കുടിശിക വന്നാൽ വൈദ്യുതി വിച്ഛേദിക്കുകയെന്നത് നിയമമായിരിക്കാം. നിയമത്തിന് കണ്ണും കാതും ഉണ്ടാകണമെന്നുമില്ല. എന്നാൽ നിയമം നടത്താനൊരുങ്ങുന്നവർ ഇതൊക്കെ ഉള്ളവരാകുമല്ലോ. ഐസ്‌ക്രീം പാർലറിലേക്കുള്ള വൈദ്യുതിയാണ് തങ്ങൾ വിച്ഛേദിക്കാൻ പോകുന്നതെന്ന് അവർക്കറിയാമല്ലോ? പിന്നെ എന്തുകൊണ്ടാണ് വിവരം ഉടമയെ അറിയിക്കാൻ മടിച്ചത്.

ഫോണിലെങ്കിലും വിവരം വിളിച്ചറിയിച്ചിരുന്നെങ്കിൽ വൈദ്യുതി ബന്ധം മുടങ്ങുന്നത് യഥാസമയം തടയാനാകുമായിരുന്നു. ഇതൊക്കെ വളരെ ചെറിയ കാര്യമായിത്തോന്നാം. എന്നാൽ ഇത്തരം ചെറിയ കാര്യങ്ങളിൽ വളരെ വലിയ ജീവിതപ്രശ്നങ്ങൾ അടങ്ങുന്നുണ്ടെന്ന യാഥാർത്ഥ്യം മറക്കരുത്. രണ്ടുമാസം മാത്രം പ്രായമെത്തിയ ഒരു കടയ്ക്ക് പൊടുന്നനെ ഒരുലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടം നേരിടേണ്ടിവന്നത് വൈദ്യുതി ബോർഡ് ജീവനക്കാരുടെ നിഷ്‌കരുണമായ നടപടി മൂലമാണ്. കുടിശികയുള്ളതുകൊണ്ടല്ലേ ബന്ധം വിച്ഛേദിക്കേണ്ടിവന്നതെന്ന മറുചോദ്യം ഉന്നയിച്ചേക്കാം. അപ്പോഴും ഇത്തരം പ്രശ്നങ്ങളിൽ ഔചിത്യത്തിന്റെ പ്രശ്നമുണ്ട്. വൈദ്യുതി വിച്ഛേദിക്കേണ്ടവരുടെ കൺസ്യൂമർ നമ്പർ കൊടുത്ത് ലൈൻമാൻമാരെ വൈകിട്ട് പറഞ്ഞുവിടുന്ന ഉദ്യോഗസ്ഥർക്ക് ഔചിത്യബോധം കൂടി വേണമെന്നു പറയുന്നത് ഇതുകൊണ്ടാണ്. വൈദ്യുതി കട്ട് ചെയ്യാതെ തന്നെ ഐസ്‌ക്രീം കടക്കാരന്റെ പക്കൽനിന്ന് 214 രൂപയുടെ കുടിശിക ഈടാക്കാവുന്നതേയുള്ളൂ. വിവരം ധരിപ്പിച്ചാലുടൻ പരിഹരിക്കാവുന്ന കാര്യമാണത്. മനുഷ്യോചിതമായ അത്തരമൊരു സദ്‌വൃത്തിക്കു തുനിയാതെ ദ്രോഹബുദ്ധ്യാ നിയമം നടപ്പാക്കാനൊരുങ്ങുന്നത് ജനങ്ങളെ വിശ്വാസമില്ലാത്തതുകൊണ്ടാണ്.

വൈദ്യുതി ബോർഡിന് പിരിഞ്ഞുകിട്ടാനുള്ള ബഹുകോടികളുടെ കണക്കെടുത്താൽ സാധാരണ ഉപഭോക്താക്കളുടെ വിഹിതം കേവലം അഞ്ചുശതമാനം പോലും കാണുകയില്ല. ഭീമമായ കുടിശികയുള്ളവരെല്ലാം വൻകിടക്കാരാവും. അവരുടെ ഫ്യൂസ് ഉൗരാൻ സാധാരണഗതിയിൽ ആളെ വിടാറില്ല. സാധാരണക്കാരന്റെ കട അടഞ്ഞുകിടന്നതുകൊണ്ട് ബോർഡിന് ഒന്നും സംഭവിക്കാനില്ല. ഫ്യൂസ് ഉൗരിയാൽ വീട്ടുകാരിയുടെ കെട്ടുതാലി പണയപ്പെടുത്തിയിട്ടായാലും പിറ്റേദിവസം ബിൽ തുക അടച്ചുതീർക്കുമെന്ന് അവർക്കറിയാം. എന്നാൽ ഇങ്ങനെ ഒരു ഫ്യൂസ് ഉൗരാൻ ആളെ വിടുന്നതിനു മുമ്പ് ഉപഭോക്താവിന് ഒരു അവസരം നല്‌കാൻ എന്തുകൊണ്ട് കഴിയുന്നില്ല. വധശിക്ഷ നടപ്പാക്കുന്ന തീയതി പോലും എത്രയോ വട്ടം നീട്ടിവയ്ക്കാറുണ്ട്. പിന്നെയാണോ വൈദ്യുതി ബിൽ അടയ്ക്കുന്നത് ഒന്നോ രണ്ടോ ദിവസം നീണ്ടുപോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB DISCONNECTS SUPPLY, YOUNG ENTREPRENEUR CLAIMS LOSS OF ₹1.12 LAKH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.