SignIn
Kerala Kaumudi Online
Friday, 20 September 2024 3.21 AM IST

ബൊമ്മനേയും ബെല്ലിയേയും ആദരിച്ച് മുഖ്യമന്ത്രി സ്‌റ്റാലിൻ, ഇരുവർക്കും നൽകുന്ന സമ്മാനങ്ങൾ ഇങ്ങനെ

Increase Font Size Decrease Font Size Print Page
mk-stalin-bomman-bellie

ചെന്നൈ: ഓസ്‌കാർ പുരസ്‌കാരത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയരുന്നതിന് കാരണമായ ബൊമ്മനേയും ബെല്ലിയേയും ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ. ഓഫീസിലേക്ക് ഇരുവരെയും ക്ഷണിച്ചുവരുത്തി പുരസ്‌കാരം നൽകിയ സ്‌റ്റാലിൻ ഓരോ ലക്ഷം വീതം പാരിതോഷികവും ബൊമ്മനും ബെല്ലിക്കും പ്രഖ്യാപിച്ചു.

കൂടാതെ സംസ്ഥാനത്തെ രണ്ട് ആനസങ്കേതത്തിലെ 91 ജീവനക്കാർക്കും ഒരു ലക്ഷം രൂപയും വീടും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കോ ഫ്രണ്ട്‌ലി മാതൃകയിലാണ് ജീവനക്കാർക്ക് വീട് പണിയുക. എലിഫ്ന്റ് വിസ്‌പറേഴ്‌സ് ഓസ്‌കാർ നേടിയതിലൂടെ ആനകളോടുള്ള തമിഴ്‌നാട് സർക്കാരിന്റെ പരിപാലനം ലോകശ്രദ്ധ നേടിയതായി സ്‌റ്റാലിൻ പ്രതികരിച്ചു.

കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ‌്ത് ഗുണീത് മോംഗ നിർമ്മിച്ച എലിഫന്റ് വിസ്‌പറേഴ്‌സ് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മണമുള്ള ജീവിതാനുഭവത്തിന്റെ നേർക്കാഴ്‌ചയാണ്. തമിഴ്‌നാട്ടിലെ മുദുമലൈ വന്യജീവി സങ്കേതത്തിലെ ഗോത്രവർഗമായ കാട്ടുനായ‌്ക്കർ വിഭാഗത്തിലെ അംഗങ്ങളാണ് ബൊമ്മനും ബെല്ലിയും. പരമ്പരാഗതമായി പാപ്പാൻ ജോലി ചെയ്യുന്നവരാണ് ബൊമ്മന്റെ കുടുംബം. പണ്ട് കാലങ്ങളിൽ വേട്ടയാടലും മറ്റുമായിരുന്നു കാട്ടുനായ‌്ക്കർ വിഭാഗത്തിന്റെ പ്രധാന തൊഴിൽ. എന്നാൽ പിന്നീടവർ ആനപാപ്പാന്മാരായി മാറുകയായിരുന്നു. കാട്ടിൽ നിന്ന് തേൻ ശേഖരിക്കുന്നതിനും അതീവ നിപുണരാണ് കാട്ടുനായ‌്ക്കർ വിഭാഗം. ബൊമ്മനും ഇക്കാര്യത്തിൽ വളരെ സമർത്ഥനാണ്. അതിനെല്ലാം ഉപരിയായി ഗ്രാമത്തിന്റെ മുഖ്യ പൂജാരി കൂടിയാണ് ബൊമ്മൻ. ഊരിലെ പൂജാധികാര്യങ്ങളെല്ലാം നിർവഹിക്കുന്നതും ബൊമ്മന്റെ കർത്തവ്യമാണ്.

ഏഷ്യയിലെ തന്നെ ആദ്യത്തെ ആനവളർത്തൽ കേന്ദ്രമായ തേപ്പക്കാടാണ് ബൊമ്മൻ ജോലി ചെയ‌്തിരുന്നത്. ഉപേക്ഷിക്കപ്പെടുന്നതും, മുറിവേറ്റ് അവശനിലയിൽ പെടുന്നതുമായ ആനകളുടെ പുനരധിവാസത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നയിടമാണ് തേപ്പക്കാട്. ബൊമ്മന്റെ സഹായിയായി തേപ്പക്കാട് എത്തിയ ബെല്ലി വൈകാതെ അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു. ബെല്ലിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു അത്. അവരുടെ ആദ്യ ഭർത്താവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് അവരുടെ ജീവിതത്തിലേക്ക് രഘു വരികയായിരുന്നു.

2017ൽ ആണ് ഒന്നരവയസുള്ള രഘുവിനെ ഫോറസ്‌റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കാട്ടുനായ‌്ക്കളുടെ ആക്രണത്തിൽ ദേഹമാസകലം മുറിവേറ്റ നിലയിലാണ് രഘുവിനെ ഫോറസ്‌റ്റുകാർ കാണുന്നത്. പോഷകാഹാരത്തിന്റെ അഭാവത്താൽ മരണത്തോട് മല്ലടിക്കുന്ന നിലയിലായിരുന്നു അവൻ. തുടർന്ന് ആനസങ്കേതത്തിലെത്തിച്ച രഘുവിന്റെ സംരക്ഷണ ചുമതല ബൊമ്മനും ബെല്ലിയും ഏറ്റെടുത്തു. രഘുവിന് ആ പേരിട്ടതും അവർ തന്നെ. സ്വന്തം മകനെ പോലെ അവനെ അവർ പരിപാലിച്ചു. മുറിവുകളിൽ മരുന്ന് പുരട്ടി സുഖപ്പെടുത്തി, അവനോടൊപ്പം കളിച്ചു. അങ്ങനെ ബൊമ്മനും ബെല്ലിയും രഘുവിന്റെ അച്ഛനും അമ്മയുമായി. ആദ്യവിവാഹത്തിലുണ്ടായ മകളുടെ മരണം അവശേഷിപ്പിച്ച ആഘാതം അതിജീവിക്കാൻ രഘുവിലൂടെ ബൊമ്മിക്ക് കഴിഞ്ഞു. അധികം വൈകാതെ തന്നെ ആ കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി എത്തി. അമ്മു എന്ന് പേരുള്ള കുട്ടിയാന. രഘുവുമായി അവൾ വേഗം ചങ്ങാത്തത്തിലായി.

അഞ്ച് വർഷത്തോളം ബൊമ്മനും ബെല്ലിക്കുമൊപ്പം രഘു കഴിഞ്ഞു. വളർന്നതോടെ അവനെ മറ്റൊരു സങ്കേതത്തിലേക്ക് മാറ്റാൻ വനംവകുപ്പ് നിർബന്ധിതരായി. ബൊമ്മനേയും ബെല്ലിയേയും സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു ആ തീരുമാനം. ഇന്ന് തേപ്പാക്കാട് ആനസങ്കേത്തിനോട് ചേർന്നുള്ള ഒരു മുറി ഷെൽട്ടറിലാണ് ബൊമ്മനും ബെല്ലിയും കഴിയുന്നത്. കൂട്ടിന് അമ്മുവും ബെല്ലിയുടെ പേരമകളായ സഞ്ജനയുമുണ്ട്.

ചിത്രം ഓസ്‌കാർ നേടിയതോടെ മുതുമലയിലെ തേപ്പാക്കാട് ആനസങ്കേതം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വളരെയധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BOMMAN BELLIE, MK STALIN, THE ELEPHANT WHISPERERS, OSCAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.