ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തി ആർആർആർ ഓസ്‌കാർ ബഹുമതി നേടുമ്പോൾ ഇന്ത്യൻ സിനിമയെ ആഗോള വേദിയിൽ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച നിരവധിയാളുകൾ നമുക്ക് മുമ്പിലുണ്ട്. സ്ലം ഡോഗ് മില്യണയറിലൂടെ എ ആർ റഹ്മാൻ മുമ്പ് ഓസ്‌കാർ ബഹുമതി രാജ്യത്തേക്ക് കൊണ്ടുവന്നപ്പോൾ ഏലിയൻ എന്ന പേരിൽ ഹോളിവുഡ് സിനിമ പുറത്തിറക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മഹാ സംവിധായകൻ സത്യജിത് റായിയെപ്പോലുള്ളവരുടെ ശ്രമങ്ങളും എക്കാലവും ഓർമിക്കപ്പെടേണ്ടതുണ്ട്. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു പേരാണ് ഡാം999 എന്ന ഒറ്റ സിനിമയിലൂടെ ആഗോള ശ്രദ്ധ നേടിയ ഹോളിവുഡ് സംവിധായകനും മലയാളിയുമായ സോഹൻ റോയിയുടേത്.
ഹോളിവുഡ് സംവിധായകനെന്ന നിലയിൽ ഇന്ത്യൻ സിനിമകൾക്ക് ആഗോള വേദികളിൽ പ്രോത്സാഹനം നൽകുന്നതിന് സോഹൻ റോയ് വഹിച്ച പങ്ക് ഏറെയാണ്. 2011ൽ തന്റെ ആദ്യ ഹോളിവുഡ് സിനിമയായ ഡാം999ന്റെ തിരക്കഥയും, ഗാനരചനയും സംവിധാനവും നിർമാണവും നിർവഹിക്കുമ്പോഴാണ് ഓസ്‌കാർ വേദിയിലേക്കുള്ള സോഹൻ റോയിയുടെ യാത്ര ആരംഭിക്കുന്നത്. വാർണർ ബ്രോസ് വിതരണം ചെയ്ത സിനിമ മികച്ച ചിത്രം, ഒറിജിനൽ സ്‌കോർ, ഒറിജിനൽ സോങ്ങ് (മൂന്ന് ഗാനങ്ങൾ) എന്നീ അഞ്ച് വിഭാഗങ്ങളിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു . ഇന്ത്യൻ സിനിമയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ സംവിധായകൻ ഹോളിവുഡ് മാതൃകയിൽ ഇന്ത്യയിൽ സിനിമ സംവിധാനം ചെയ്യുകയും അത് ഓസ്‌കാർ അവാർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തത്. മുമ്പ് ഇന്ത്യൻ വംശജർ ഓസ്‌കാർ ബഹുമതികൾ നേടിയിട്ടുണ്ടെങ്കിലും അവയൊക്കെ വിദേശ സിനിമകളിലെ പ്രകടനത്തിന് ആയിരുന്നു.
പത്ത് ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇൻഡിവുഡ് എന്ന സോഹൻ റോയിയുടെ സിനിമാ പദ്ധതി മുഖേന 29 ഇന്ത്യൻ സിനിമകൾക്ക് ഓസ്‌കാറിൽ മത്സരിക്കുന്നതിനുള്ള പിന്തുണ അദ്ദേഹം നൽകിയിട്ടുണ്ട്. ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിനും ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ആഗോള വേദികൾ ലഭ്യമാക്കുന്നതിനും സോഹൻ റോയിയുടെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്.
1963ൽ സത്യജിത് റായ് 'ഏലിയൻ' എന്ന പേരിൽ ഒരു സിനിമ പ്രോജക്ട് ആരംഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങളെല്ലാം തകർത്ത് ആ സിനിമ 1975ൽ റദ്ദാക്കപ്പെട്ടു.
സത്യജിത് റായിയിലൂടെ നടത്തിയ ഇന്ത്യയുടെ ശ്രമങ്ങൾ ഡാം999ലൂടെ സോഹൻ റോയ് പൂവണിച്ചതോടൊപ്പം ഇന്ത്യൻ സിനിമകളുടെ ആഗോള വിതരണവും ലോകനിലവാരത്തിലുള്ള സ്റ്റുഡിയോയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡ്യുവൽ4കെ ജയന്റ് തിയറ്റർ, ആനിമേഷൻ സ്റ്റുഡിയോ, അന്താരാഷ്ട്ര സിനിമ മാഗസിൻ, ചലച്ചിത്ര മേളകൾ, ഫിലിം മാർക്കറ്റ്, ഇൻവെസ്റ്റർ മീറ്റുകൾ, ടാലന്റ് ഹണ്ട്, ചാരിറ്റി സിനിമകൾ, ഗ്ലാസ് രഹിത 3ഡി സാങ്കേതികവിദ്യ, ക്യാമ്പസ് ഫിലിം ക്ലബ്ബ് തുടങ്ങിയവയ്ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു.
ഓസ്‌കാർ വേദിയിലേക്കുള്ള ഭാരത്തിന്റെ യാത്ര എളുപ്പമായിരുന്നില്ല. 11 വർഷത്തെ പോരാട്ടത്തിന്റെ ഫലമായിരുന്നു ആ നേട്ടം. ഈ വർഷം അദ്ദേഹം പിന്തുണച്ച കാന്താര, റോക്കട്രി എന്നീ സിനിമകൾക്ക് ഓസ്‌കാർ അവാർഡ് നേടാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ സിനിമയെ ഓസ്‌കാറിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ ആർ ആർ ആറിലൂടെ സഫലമായിരിക്കുകയാണ്. താൻ വരച്ചുകാട്ടിയ പാത ഇന്ത്യൻ സിനിമയ്ക്ക് ആഗോളവേദിയിലേക്കുള്ള അംഗീകാരമായി മാറിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്ന് സോഹൻ റോയ്. ഇന്ത്യൻ സിനിമ ലോകത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പുതുതലമുറയിലെ ചലച്ചിത്രക്കാർക്ക് ഒരു മാർഗ്ഗരേഖയും പ്രചോദനവും കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |