അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം ബ്രേക്ക് തകരാറിലായ കെ.എസ്.ആർ.ടി.സി ബസ് വൈദ്യുത പോസ്റ്റിലിടിച്ചു നിന്നു. ഇന്നലെ ഉച്ചയ്ക്ക് 3.20നായിരുന്നു സംഭവം. കൊല്ലത്തു നിന്നു ആലപ്പുഴയ്ക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിൽ നിന്ന പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വേഗം കുറവായിരുന്നതിനാൽ പോസ്റ്റ് ഒടിഞ്ഞില്ല.
പുന്നപ്ര പൊലീസ് സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് ബസിന്റെ ബ്രേക്ക് തകരാറിലായ വിവരം ഡ്രൈവർ കമൽ ജിത്തിന് മനസിലായത്. തുടർന്ന് വേഗം കുറച്ച് വന്നപ്പോഴാണ് മുന്നിൽ സ്വകാര്യ ബസും സ്റ്റോപ്പിൽ യാത്രക്കാരും നിൽക്കുന്നത് കണ്ടത്. പെട്ടന്ന് ഇടത്തോട്ട് തിരിച്ചപ്പോഴാണ് പോസ്റ്റിൽ ഇടിച്ച് നിന്നത്. ബസിലുണ്ടായിരുന്ന 25 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി വിട്ടു. പുന്നപ്ര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |