ലണ്ടൻ: യൂറോപ്പ ലീഗിൽ പ്രിമിയർ ലീഗിലെ സൂപ്പർ ടീം ആഴ്സനൽ പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട രണ്ടാം പാദ പ്രീക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിനോട് തോറ്റ് പുറത്താപ്പോൾ മാഞ്ചസ്റ്രർ യുണൈറ്രഡ് അനായാസം റയൽ ബെറ്റിസിനെ മറികടന്ന് അവസാന എട്ടിൽ ഇടം നേടി.
ഒന്നാം പാദത്തിൽ 2-2ന് സമനിലയിൽ പിരിഞ്ഞ ആഴ്സനലും സ്പോർട്ടിംഗും രണ്ടാം പാദത്തിന്റെ നിശ്ചത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതിനാലാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ അഞ്ച് കിക്കും സ്പോർട്ടിംഗ് ഗോളാക്കിയപ്പോൾ ആഴ്സനലിന്റെ ഗബ്രിയേൽ മാർട്ടിനല്ലിയുടെ കിക്ക് തടുത്ത് ഗോൾകീപ്പർ അന്റോണിയോ അദാൻ സ്പോർട്ടിംഗിന് ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്ത് നൽകുകയായിരുന്നു. ഷൂട്ടൗട്ടിന് മുമ്പും ക്രോസ്ബാറിന് കീഴിൽ മിന്നും പ്രകടനം പുറത്തെടുത്ത അദാൻ തന്നെയാണ് സ്പോർട്ടിംഗിന്റെ വിജയശില്പി. 118-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മാനുവേൽ ഉഗാർട്ടെ പുറത്തായതിനാൽ പത്തുപേരുമായാണ് സ്പോർട്ടിംഗ് മത്സരം പൂർത്തിയാക്കിയത്.
ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 19-ാം മിനിറ്റിൽ ഗ്രാനിറ്റ് ഷാക്ക ആതിഥേയർക്ക് ലീഡ് സമ്മാനിച്ചതാണ് എന്നാൽ 62-ാം മിനിറ്റിൽ പെട്രോ ഗോൺകാൽവസിലൂടെ സ്പോർട്ടിംഗ് സമനില പിടിക്കുകയായിരുന്നു. ടാർജറ്റിലേക്ക് ഒമ്പതോളം ഷോട്ടുകൾ തൊടുത്ത ആഴ്സനലിനായിരുന്നു മത്സരത്തിൽ മുൻതൂക്കമെങ്കിലും അദാന്റെ മിന്നൽ സേവുകൾ സ്‌പോർട്ടിംഗിനെ രക്ഷിച്ചു.
സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ റയൽ ബെറ്റിസിനെ 4-1ന് വീഴ്ത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദത്തിൽ 1-0ത്തിന്റെ ജയം നേടി ആകെ 5-1ന്റെ ഗോൾ വ്യത്യാസത്തിൽ ക്വാർട്ടറിലെത്തി. റാഷ്ഫോർഡാണ് രണ്ടാം പാദത്തിൽ യുണൈറ്റഡിന്റെ സ്കോറർ. ഇറ്റാലിയൻ ക്ലബുകളായ യുവന്റസ്, റോമ, ഫെയനൂർദ്, സ്പാനിഷ് ക്ലബ് സെവിയ്യ, ജർമൻ വമ്പൻമാരായ ലെവർകുസൻ,
ബൽജിയത്തിൽ നിന്നുള്ള യൂണിയൻ സെയിന്റ് ഗില്ലോയിസ് എന്നീ ടീമുകളും ക്വാർട്ടറിലെത്തി.
റയൽ VS ചെൽസി, സിറ്റി VS ബയേൺ
നിയോൺ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. ഇന്നലെ സ്വിറ്റ്സർലൻഡിലെ നിയോണിലാണ് ക്വാർട്ടർ ലൈനപ്പിനായുള്ള നറുക്കെടുപ്പ് നടന്നത്. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ചെൽസിയാണ് ക്വാർട്ടറിലെ എതിരാളികൾ. മറ്റൊരു ക്വാർട്ടറിൽ ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. എ.സി മിലാനും നാപ്പൊളിയും മുഖാമുഖം വരുന്ന ഓൾഇറ്റലി ക്വാർട്ടർ പോരാട്ടത്തിനും വേദിയൊരുങ്ങി.ഇന്റർ മിലാൻ പോർട്ടോയെ നേരിടും.ഏപ്രിൽ 11,12 തിയതികളിൽ ഒന്നാം പാദ ക്വാർട്ടറും 18,19 തിയതികളിൽ രണ്ടാം പാദ ക്വാർട്ടറും നടക്കും.
യൂറോപ്പ ക്വാർട്ടർ
മാൻ.യുണൈറ്റഡ് - സെവിയ്യ
യുവന്റസ് - സ്പോർട്ടിംഗ്
റോമ-ഫെയനൂർദ്
യൂണിയൻ സെയിന്റ് ഗില്ലോസെ -ലെവർകുസൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |