ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഈ മാസം 20ന് റഷ്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് ക്രെംലിൻ. 22 വരെ രാജ്യത്ത് തുടരുന്ന ഷീ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തും. പുട്ടിന്റെ ക്ഷണപ്രകാരമാണ് ഷീയുടെ സന്ദർശനം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് ഷീ റഷ്യയിലെത്തുന്നത്. തന്ത്രപ്രധാനമായ ഉഭയകക്ഷി കരാറുകളിൽ രാജ്യങ്ങൾ ഒപ്പിടും. ഷീയുടെ റഷ്യാ സന്ദർശനത്തെ ' സൗഹൃദത്തിനും സമാധാനത്തിനും വേണ്ടിയുള്ള യാത്ര " എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുൻയിംഗ് വിശേഷിപ്പിച്ചത്. യുക്രെയിൻ വിഷയത്തിൽ മദ്ധ്യസ്ഥത ഷീയുടെ മുഖ്യ അജണ്ടയാണ്. റഷ്യൻ സന്ദർശനത്തിന് ശേഷം യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയേക്കും.
സംഘർഷം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥതയ്ക്ക് തയാറാണെന്ന് അറിയിച്ച ചൈന കഴിഞ്ഞ മാസം പന്ത്രണ്ട് നിർദ്ദേശങ്ങളോട് കൂടിയ ഒരു സമാധാന പദ്ധതി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് റഷ്യൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണെന്ന് കാട്ടി പാശ്ചാത്യ രാജ്യങ്ങൾ തള്ളിയിരുന്നു. 2019ലാണ് ഷീ അവസാനമായി റഷ്യ സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |