സമീപകാലത്ത് കൂടുതലായി കേൾക്കുകയും എല്ലാവരെയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ബെൽസ് പാൾസി.നല്ല ആരോഗ്യവാന്മാരുടെ മുഖം പോലും പെട്ടെന്ന് ഒരുവശത്തേക്ക് കോടിപ്പോകുന്ന ഭീതിജനകമായ അവസ്ഥയാണിത്. എന്നാൽ എന്താണ് ബെൽസ് പാൾസിയെന്ന് വിശദമായി അറിഞ്ഞിരിക്കണം.
തലച്ചോറിൽ നിന്ന് മുഖത്തേക്കുള്ള ഫേഷ്യൽ ഞരമ്പുകൾക്ക് ഉണ്ടാക്കുന്ന നീർവീക്കമാണ് ബെൽസ് പാൾസി. മുഖം ഒരു വശത്തേക്ക് കോടുകയും കണ്ണ് അടയ്ക്കാൻ പറ്റാതാകുകയും,കണ്ണിൽ നിന്ന് വെള്ളം വരികയും,ആഹാരവും വെള്ളവും ഇറക്കാൻ കഴിയാതെ അത് വായുടെ ഒരുവശത്തൂടെ ഒലിച്ച് പുറത്തേക്ക് പോകുകയും ചെയ്യും. ചിലരിൽ രോഗത്തിന്റെ ഭാഗമായി ചെവിവേദനയും അനുഭവപ്പെടും.
ബെൽസ് പാൾസിയിൽ നിന്ന് പൂർണമായി രോഗമുക്തിനേടാം. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ ഇത് ഗുരുതര പ്രശ്നമാകൂ. വേഗത്തിലുള്ള രോഗനിർണയവും ചികിത്സയുമാണ് ആവശ്യം. രോഗം കണ്ടെത്തിയാൽ മൂന്നാഴ്ച മരുന്ന് കഴിക്കണം. അതുപോലെ മുഖത്തെ പേശികൾക്ക് ഫിസിയോതെറാപ്പിയുമാണ് പ്രധാനം. അതിലൂടെ രോഗം ഭേദമാകും. ദീർഘകാല ചികിത്സയുടെ ആവശ്യം ഇതിൽ ഉണ്ടാകില്ല. ഈ രോഗത്തിന് പ്രായം ഘടകമല്ല, സ്ത്രീകളിലും പുരുഷൻമാരിലും രോഗം കാണപ്പെടാറുണ്ട്.
ഒരിക്കൽ വന്നവരിൽ വീണ്ടും രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഇതൊരു പുതിയ അസുഖമല്ലെന്ന് സമൂഹം തിരിച്ചറിയണം. വളരെ കാലമായി നിരവധി കേസുകൾ കാണപ്പെടാറുണ്ട്. വൈറൽ ഇൻഫെക്ഷനാണ് ബെൽസ് പാൾസിയ്ക്ക് കാരണം. ചെവിയിലുണ്ടാകുന്ന ഇൻഫെക്ഷൻ,നീർകെട്ട് എന്നിവയെല്ലാം ഇതിന് കാരണമാകാം. കൊവിഡാനന്തരം ബെൽസ് പാൾസി കേസുകൾ വരുന്നുണ്ട്. കൊവിഡ് വൈറൽ രോഗമായതിനാൽ സാദ്ധ്യത തള്ളിക്കളയാനാകില്ല. എന്നാൽ കൊവിഡ് ബെൽസ് പാൾസിക്ക് കാരണമാകുമെന്നതിന് കൃത്യമായ പഠനങ്ങളില്ല. ഇതൊരു ഗുരുതര ആരോഗ്യപ്രശ്നമല്ല. അതിനാൽ മുൻകരുതലുകളോ പ്രതിരോധമോ സ്വീകരിക്കേണ്ട ആവശ്യമില്ല. മുഖത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് രോഗനിർണയം നടത്തി ചികിത്സിക്കുകയാണ് പ്രധാനം.
(തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |