കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറി ബോട്ടായ 'ആദിത്യ" ജലഗതാഗത വകുപ്പിന് നിർമ്മിച്ചുനൽകിയ സന്ദിത്ത് സോളാർ മത്സ്യബന്ധന ബോട്ടു നിർമ്മിച്ച് വൻ കുതിപ്പിനൊരുങ്ങുന്നു. ഒറ്റച്ചാർജിംഗിൽ 35 കിലോമീറ്റർ സഞ്ചരിക്കാവുന്ന സോളാർ-വൈദ്യുത ബോട്ടാണിത്. ആറുപേർക്ക് ജോലിചെയ്യാനും രണ്ടു ടൺ മത്സ്യം സംഭരിക്കാനും ശേഷിയുണ്ട്. 'സ്രാവ് " എന്ന പേരിൽ പൂർത്തിയായ അഞ്ചു ബോട്ടുകളുടെ പരീക്ഷണഓട്ടം കടലിൽ തുടരുകയാണ്.
സിംഗപ്പൂർ മുതൽ അംഗോളവരെയുള്ള രാജ്യങ്ങളിലെ വിവിധ കമ്പനികൾ 'സ്രാവി "നെ സ്വന്തമാക്കാൻ രംഗത്തെത്തിയിട്ടുണ്ട്. നിയമാനുസൃതമായ അനുമതികൾ ലഭിച്ചാലുടൻ വിപണിയിലെത്തും. 10 മുതൽ 15 ലക്ഷം രൂപ വരെയാണ് വില. വിദേശവിപണിയിൽ കൂടുതൽ വില ലഭിക്കും.
തൃശൂർ തൃപ്രയാർ സ്വദേശിയാണ് സന്ദിത്ത് തണ്ടാശേരി. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലെ യാർഡിലാണ് ബോട്ടുകളുടെ നിർമ്മാണം. കേരളത്തിലെ സ്റ്റാർട്ടപ്പായ നവാൾട് സോളാർ ആൻഡ് ഇലക്ട്രിക്ക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് രൂപകല്പനയും നിർമ്മാണവും. മദ്രാസ് ഐ.ഐ.ടിയിൽനിന്ന് നേവൽ ആർക്കിടെക്ചറിൽ ബിരുദം നേടിയ സന്ദിത്ത് സൗത്ത് കൊറിയയിലെ പ്രമുഖ കപ്പൽ നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. 2013ലാണ് നവാൾട്ടിന് തുടക്കമിട്ടത്. ഇലക്ട്രിക്കൽ വാഹനങ്ങൾപോലും ക്ലച്ച് പിടിക്കാത്ത കാലത്താണ് വൈദ്യുതബോട്ടെന്ന ആശയം സന്ദിത്ത് അവതരിപ്പിച്ചത്.
ഇതിനിടെയാണ് സോളാർഫെറിയെന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചത്.
ടെൻഡറിലൂടെ കരാർ ഏറ്റെടുത്ത സന്ദിത്ത് രാജ്യത്തെ ആദ്യത്തെ സോളാർ ഫെറി ബോട്ടായ ആദിത്യ നിർമ്മിച്ചുനൽകി. ആദിത്യയുടെ കുതിപ്പ് സന്ദിത്തിനും നവാൾട്ടിനും ഇരട്ടിഉൗർജമായി. ബോട്ടിന് ഫ്രഞ്ച് ഇലക്ട്രിക്കൽ എൻജിനിയറും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം ലഭിച്ചിരുന്നു.
4 മണിക്കൂർ ചാർജ്, 8 മണിക്കൂർ ഓട്ടം
നാല് മണിക്കൂർ കൊണ്ട് ബോട്ട് ഫുൾചാർജാകും. സൗരോർജ്ജശക്തിയിൽ എട്ടുമണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും. രാവിലെ കടലിൽപ്പോയി രാത്രിയോടെ തിരിച്ചെത്തുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ബോട്ടിന്റെ രൂപകല്പന. സോളാർ വൈദ്യുതി ലഭിക്കാത്തപ്പോൾ ഇലക്ട്രിക് സംവിധാനത്തിൽ പ്രവർത്തിക്കും ഇരുമ്പിലും പ്രത്യേകതരം പ്ലാസ്റ്റിക്കിലുമാണ് ബോട്ട് നിർമ്മിച്ചത്. മത്സ്യം സംഭരിക്കാൻ പ്രത്യേക അറകളുമുണ്ട്. ചിലി, അർജന്റീന, ടാൻസാനിയ, കോംഗോ, തായ്ലാൻഡ്, ഒമാൻ എന്നീ രാജ്യങ്ങളും 'സ്രാവി"നായി രംഗത്തെത്തിയിട്ടുണ്ട്.
കീശകീറില്ല
ഭാരിച്ച ഇന്ധനച്ചെലവുമൂലം വലയുന്ന മത്സ്യത്തൊഴിലാളികൾക്ക് സോളാർബോട്ട് വലിയ ആശ്വസമാകും. സാധാരണ മത്സ്യബന്ധന ബോട്ടിന് പ്രതിവർഷം ഇന്ധനച്ചെലവ് ആറുലക്ഷം രൂപയാകും. സ്രാവിന്റെ ഊർജ ചെലവ് 35,000 രൂപയിൽ ഒതുങ്ങും.
''കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് സോളാർ ബോട്ടുകൾ പാട്ടത്തിന് നൽകാൻ ആലോചിക്കുന്നുണ്ട്
സന്ദിത്ത് തണ്ടാശേരി,
സി.ഇ.ഒ
നവാൾട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |