ന്യൂയോർക്ക് : അയൽ വീട്ടിലെ വളർത്തുനായകളുടെ ആക്രമണത്തിൽ 38കാരിയ്ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച യു.എസിലെ പെൻസിൽവേനിയയിലാണ് സംഭവം. നായകൾക്ക് ഭക്ഷണം നൽകാനെത്തിയ ക്രിസ്റ്റീൻ പോട്ടർ എന്ന യുവതിയാണ് മരിച്ചത്. ഗ്രേറ്റ് ഡെയ്‌ൻ ഇനത്തിലെ രണ്ട് നായകളാണ് യുവതിയെ ആക്രമിച്ചത്.
ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തന്റെ മാതാവിനെ പരിചരിക്കാൻ പോകേണ്ടതിനാൽ അയൽവാസിയായ വെൻഡി സബാത്‌നെ തന്റെ വളർത്തുനായകൾക്ക് ഭക്ഷണം കൊടുക്കാൻ ക്രിസ്റ്റീന്റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തന്റെ ഇളയ മകനൊപ്പമാണ് ക്രിസ്റ്റീൻ വെൻഡിയുടെ വീട്ടിലെത്തിയത്. നായകൾ ക്രിസ്റ്റീനെ ആക്രമിച്ചതോടെ മകൻ റോഡിലേക്ക് ഓടിയെത്തി മറ്റുള്ളവരോട് സഹായം തേടി.
വിവരമറിഞ്ഞ് രക്ഷാപ്രവർത്തകരും പൊലീസും ഉടൻ സ്ഥലത്തെത്തിയെങ്കിലും ആനിമൽ കൺട്രോൾ ടീമെത്തി അക്രമാസക്തരായിരുന്ന രണ്ട് നായകളെയും മയക്കിയ ശേഷമാണ് ക്രിസ്റ്റീന്റെയടുത്ത് എത്താനായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ക്രിസ്റ്റീൻ ഇതിന് മുമ്പും ഈ നായകൾക്ക് ഭക്ഷണം നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വീട്ടിൽ മറ്റൊരു ഗ്രേറ്റ് ഡെയ്‌നും ഫ്രഞ്ച് ബുൾഡോഗും ഉണ്ടായിരുന്നെങ്കിലും ആക്രമിച്ചില്ല. ക്രിസ്റ്റീനെ കൊന്ന രണ്ട് ഗ്രേറ്റ് ഡെയ്നുകളെയും ദയാവധത്തിന് വിധേയമാക്കി. നായകൾ പെട്ടെന്ന് ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. ഇരുനായകളും തമ്മിൽ പോരാട്ടം നടന്നിരിക്കാമെന്നും ക്രിസ്റ്റീൻ ഇത് പരിഹരിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കപ്പെട്ടതാകാമെന്നും കരുതുന്നു.
ഈ നായകൾ ഇതിന് മുമ്പും അക്രമാസക്തമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്ന് വർഷം മുന്നേ ക്രിസ്റ്റീനെ തന്നെ ഈ നായകൾ കടിച്ചിട്ടുണ്ടെന്ന് പിതാവ് ബിൽ കീഫർ പറഞ്ഞു. ക്രിസ്റ്റീന്റെ ഭർത്താവ് ഏതാനും വർഷങ്ങൾക്ക് മുന്നേ മരിച്ചിരുന്നു. 11 വയസുള്ള മകൻ 2020ൽ ഒരു റോഡപകടത്തിലും മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |