ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂകമ്പം. ഡൽഹി എൻസിആറിൽ ചൊവ്വാഴ്ച രാത്രിയാണ് ശക്തമായ ഭൂമി കുലുക്കം അനുഭവപ്പെട്ടത്. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെക്കന്റുകളോളം നീണ്ടു നിന്നു. ഡൽഹി കൂടാതെ ഹരിയാന, യു.പി, ജമ്മു കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഭൂകമ്പം റിപ്പോർട്ട് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കൂടാതെ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഭുകമ്പമുണ്ടായതായാണ് വിവരം.
അഫ്ഗാനിസ്ഥാനിൽ ഹിന്ദുക്കുഷ് മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ സ്ഥാനം. ഇവിടെയുണ്ടായ ഭൂകമ്പത്തിന്റെ പ്രതിധ്വനിയാണ് ഡൽഹിയിലടക്കം ഉണ്ടായതെന്നാണ് വിവരം. ഡൽഹിയിൽ കഴിഞ്ഞ മാസങ്ങളിൽ തീവ്രത കുറഞ്ഞ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു വന്നിരുന്നു. ഇതിന് വിപരീതമായി റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ വലിയ രീതിയിലുള്ള പ്രകമ്പനമായിരുന്നു ഡൽഹി എൻസിആറിൽ ഇന്നുണ്ടായത്. ഭൂകമ്പ സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നിലവിൽ ആളപായമോ നാശ നഷ്ടമോ ഉണ്ടായതായി വിവരമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |