പുത്തൂർ: പാമ്പ് കടിയേറ്റ അമ്മയെ രക്ഷിക്കാൻ മകൾ കാട്ടിയ ധീരതയെ പ്രശംസിക്കുകയാണ് പുത്തൂരിലെ ജനങ്ങൾ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ പുത്തൂരിലാണ് ശ്രമ്യ എന്ന കോളേജ് വിദ്യാർത്ഥിനി അമ്മ മമത റായിയെ മരണത്തിൽ നിന്നും രക്ഷിച്ചത്. തങ്ങളുടെ തോട്ടത്തിൽ കൃഷിവിളകൾ നനയ്‌ക്കുകയായിരുന്നു മമത റായി. ഇവർ കൈയൂർ ഗ്രാമപഞ്ചായത്തംഗവുമാണ്. കൃഷിസ്ഥലത്തെ ജലസേചന പമ്പ് ഓണാക്കുന്നതിന് മമത ശ്രമിച്ചു. ഇതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മകൾ ശ്രമ്യ ഉടൻ കുറച്ച് ഉണക്കപ്പുല്ലെടുത്ത് മുറിവിന് മുകളിൽ കെട്ടി. എന്നാൽ അതുകൊണ്ട് കാര്യമില്ലെന്ന് മനസിലാക്കി. പിന്നീട് മുറിവിലെ രക്തം തന്റെ വായുപയോഗിച്ച് ശ്രമ്യ വലിച്ചെടുത്ത് തുപ്പിക്കളയുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കൃത്യമായി ചികിത്സ ലഭിച്ചതോടെ മമതയുടെ നില മെച്ചപ്പെട്ടു. ശ്രമ്യ ചെയ്‌ത കാര്യങ്ങൾ മമതയുടെ ജീവൻ രക്ഷിച്ചെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
വിവേകാനന്ദ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രമ്യ കാണിച്ച ധീരത പ്രശംസനീയമാണെങ്കിലും പൊതുവിൽ ഇത്തരത്തിൽ ശ്രമിക്കുന്നത് അശാസ്‌ത്രീയമായ രീതിയാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വിഷവ്യാപനം തടയുന്നതിന് കടിയേറ്റ ഭാഗത്തിന് മുകളിൽ തുണിയുപയോഗിച്ച് കെട്ടിവയ്‌ക്കണം, കടിയേറ്റയാൾക്ക് ആശങ്കയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. തുടർന്ന് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |