തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ മുൻ എം.പി പി.കെ.ബിജു ഉൾപ്പെടെ ആറ് സിൻഡിക്കേറ്റ് അംഗങ്ങൾക്ക് തുടരാമെന്ന് സർക്കാർ.
ആറ് പേരെയും ഓർഡിനൻസിലൂടെ നാമനിർദ്ദേശം ചെയ്തെങ്കിലും ഓർഡിനൻസിന് പകരം നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാത്തതിനാൽ സിൻഡക്കേറ്റ് അംഗത്വം സംബന്ധിച്ച് വിസി ഡോ.സിസാ തോമസ് സർക്കാരിനോട് വ്യക്തത തേടിയിരുന്നു. ഓർഡിനൻസ് അസാധുവായാലും നാമനിർദേശം ചെയ്ത സിൻഡക്കേറ്റ് അംഗങ്ങൾക്ക് കാലാവധിയായ നാലു വർഷവും തുടരാമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഐ.സാജു, കേരള സർവകലാശാല അദ്ധ്യാപികയായിരുന്ന ഡോ.ബി.എസ്.ജമുന,എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകരായ വിനോദ് കുമാർ ജേക്കബ്, ജി.സഞ്ജീവ്,എസ് വിനോദ് മോഹൻ എന്നിവർക്കാണ് മറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, 2021ഫെബ്രുവരി 20ന് പുറപ്പെടുവിച്ച ഓർഡിനൻസിലൂടെയാണ് നിയമഭേദഗതി വരുത്തി ഇവരെ സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഈ ഓർഡിനൻസ് ജൂലായ് രണ്ടിനും ആഗസ്റ്റ് 24നും പുനർവിളംബരം ചെയ്തു. 2021ഒക്ടോബറിൽ ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കി. ഗവർണർ ബില്ല് ഒപ്പിടാതെ മാറ്റിവച്ചതോടെ, 6 സിൻഡിക്കേറ്റംഗങ്ങളുടെ നാമനിർദ്ദേശം 2021നവംബർ14 മുതൽ അസാധുവായി. ഇക്കാര്യത്തിൽ വ്യക്തത തേടി വൈസ്ചാൻസലർ പ്രൊഫ സിസാതോമസ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് രണ്ട് കത്ത് നൽകിയെങ്കിലും മറുപടി നൽകിയില്ല. എന്നാൽ ആറ് അംഗങ്ങളും അനുമതിയില്ലാതെ അക്കാഡമിക് സമിതി യോഗത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതോടെയാണ് സർക്കാർ വിഷയത്തിൽ വ്യക്തത വരുത്തിയത്. ഓർഡിനൻസ് റദ്ദായതിനാൽ ആറു പേരുടെ സിൻഡക്കേറ്റ് അംഗത്വവും റദ്ദാക്കണമെന്ന സേവ് യൂണവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |