ന്യൂഡൽഹി: ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മിഷന് നേരെ ഖലിസ്ഥാൻ വാദികൾ നടത്തിയ അതിക്രമത്തിനു പിന്നാലെ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലുള്ള സുരക്ഷ ബാരിക്കേഡുകൾ നീക്കി ഡൽഹി പൊലീസ്. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷനും ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസിന്റെ വസതിക്കും മുന്നിലുള്ള 12 ബാരിക്കേഡുകൾ നീക്കം ചെയ്തു. ഖലിസ്ഥാൻ വാദികളുടെ അക്രമത്തിനെതിരെ പ്രതിഷേധിച്ചവരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡുകളാണ് നീക്കിയത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചിട്ടില്ല. അതേസമയം, ഇത് സംബന്ധിച്ച് അഭിപ്രായം പറയുന്നില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ വക്താവ് അറിയിച്ചു. 2013 ഡിസംബറിൽ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെക്കെതിരായ യു.എസ് നടപടിയെ തുടർന്ന് ഡൽഹിയിലെ യു.എസ് എംബസിക്കെതിരെയും സമാനമായ രീതിയിൽ നടപടിയെടുത്തിരുന്നു.
ബൈക്ക് കണ്ടെത്തി
പൊലീസ് വലയിൽ നിന്ന് രക്ഷപ്പെടാൻ അമൃത് പാൽ സിംഗ് ഉപയോഗിച്ച മോട്ടോർ ബൈക്ക് കണ്ടെത്തി. ജലന്ധർ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ ദാരാപൂരിലെ കനാലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബജാജ് പ്ലാറ്റിന മോഡൽ ബൈക്ക്. അമൃത് പാൽ ഫില്ലൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് വിവരമെന്ന് ജലന്ധർ എസ്.എസ്.പി സ്വർണദീപ് സിംഗ് പറഞ്ഞു. അഞ്ചാം ദിനത്തിലും അമൃത് പാലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അമൃത് പാലിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം അദ്ദേഹത്തിന്റെ ഭാര്യ കിരൺ ദീപ് കൗറിനെയും അമ്മയെയും ചോദ്യം ചെയ്തു.
അമ്മാവൻ ഹർജിത് സിംഗും കൂട്ടാളിയും കീഴടങ്ങുന്നതിന് മുമ്പ് മെഹത്പൂരിനടുത്തുള്ള ഉധോവൽ ഗ്രാമത്തിലെ വീട്ടിൽ ബലമായി കയറിയ ശേഷം കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ഒരു ദിവസം അവിടെ താമസിച്ചതായി റിപ്പോർട്ടുണ്ട്. ക്രമസമാധാനം ഇല്ലാതാക്കാൻ ശ്രമിച്ച 154 പേർ ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായെന്ന് ഐ.ജി സുഖ് ചെയിൻ ഗിൽ പറഞ്ഞു. സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണത്തിലാണ്. അമൃത് പാലിനെതിരെ ലുക്ക്ഔട്ട് സർക്കുലറും ജാമ്യമില്ലാത്ത വാറന്റും പുറപ്പെടുവിച്ചു. മറ്റ് സംസ്ഥാനങ്ങൾ, കേന്ദ്രസർക്കാർ ഏജൻസികൾ എന്നിവിടങ്ങളിൽ നിന്ന് സഹകരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദ്വാരയിൽ 45 മിനിട്ട്
നംഗൽ ആംബിയൻ ഗ്രാമത്തിലെ ഗുരുദ്വാരയിൽ അമൃത് പാൽ സിംഗും കൂട്ടരും ചെലവഴിച്ചത് 45 മിനിട്ട്. അവരുടെ വരവിൽ ആശങ്കാകുലനായിരുന്നതായി പുരോഹിതൻ രഞ്ജിത്ത് സിംഗ് പറഞ്ഞു. ഒരു പരിപാടിക്ക് പോകാൻ വസ്ത്രങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. മകന്റെ വസ്ത്രങ്ങൾ കൊടുത്തെന്നും തന്റെ ഫോൺ ഉപയോഗിച്ചെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഉത്തരാഖണ്ഡ് പൊലീസ് കർശനമായ നിരീക്ഷണത്തിലാണ്. ഇന്റലിജൻസ് ഏജൻസികളും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ഇന്നലെയും ഗുരുദ്വാരകളിലും ഹോട്ടലുകളിലും ഉത്തരാഖണ്ഡ് പൊലീസ് പരിശോധന നടത്തി. അമൃത് പാൽ രാജ്യം വിട്ടേക്കുമെന്ന സൂചനയെ തുടർന്ന് അതിർത്തികളിൽ കർശന പരിശോധനയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |