ആലക്കോട്:പന്ത്രണ്ടുവർഷം മുൻപ് മഴക്കാലത്ത് രയരോം പുഴയുടെ നെടുവോട് കടവിൽ തള്ളിയ നിലയിൽ കണ്ടെടുത്ത കീടനാശിനിശേഖരം ആലക്കോട് പഞ്ചായത്ത് കെട്ടിടത്തിൽ നിന്നും കളമശേരി ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് കമ്പനിയിലേക്ക് മാറ്റി.കാലപ്പഴക്കം ചെന്ന വീപ്പകളിൽ സൂക്ഷിച്ച കീടനാശിനികൾ നീക്കാത്തതിനെതിരെ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വൈസ് പ്രസിഡന്റ് പി.സി.ആയിഷ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകിട്ടാണ് കീടനാശിനിശേഖരം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്.
2010ലാണ് വലിയ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവം നടന്നത്. കീടനാശിനി പുഴയിൽ കണ്ടെത്തിയ വിവരം നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഭോപ്പാലിൽ നിന്ന് ശാസ്ത്രജ്ഞർ ഉൾപ്പെടെ വിദഗ്ധരും ദുരന്തസേനയും ബോട്ടുമായി നേവിയുടെ മുങ്ങൽ വിദഗ്ധരും എത്തിയാണ് ഇവ ശേഖരിച്ചത്.
ശക്തമായ മലവെള്ളത്തിൽ കുത്തിയൊഴുകി പോകുമെന്ന ധാരണയിൽ ചിലർ അർദ്ധ രാത്രി പിക്കപ്പ് വാനിൽ കൊണ്ടുവന്ന് നെടുവോട് കടവിൽ കീടനാശിനി തള്ളുകയായിരുന്നു. കീടനാശിനി നീക്കാത്തതിനെ തുടർന്ന് പൗരാവകാശസമിതി പ്രവർത്തകർ മലിനീകരണ നിയന്ത്രണബോർഡിന് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീപ്പകൾ പരിശോധിച്ചിരുന്നു. ആലക്കോട് പഞ്ചായത്ത് മത്സ്യമാർക്കറ്റിനായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |