കണ്ണൂർ: മതിയായ സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതു കാരണം കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ ആശുപത്രികളിലെ അണുവിമുക്ത വിഭാഗം കടുത്ത പ്രതിസന്ധിയിൽ.മെഡിക്കൽ കോളേജ് ആശുപത്രികളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഈവിഭാഗത്തിലുള്ളത്. നിലവിൽ സംസ്ഥാനത്ത് അണുവിമുക്ത വിഭാഗത്തിൽ ടെക്നീഷ്യൻ തസ്തികയിൽ മാത്രം നൂറോളം ഒഴിവുകളുണ്ട്. എന്നാൽ ഇതിലേക്ക് പി.എസ്.സി വഴി നിയമനം നടക്കുന്നുമില്ല.
അണുവിമുക്തി സംബന്ധിച്ച് വലുതായി പഠിച്ചിട്ടില്ലാത്ത ഹെഡ് നഴ്സുമാരാണ് നിലവിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നത്. ഉപകരണങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്യുക, ബോയ്ലർ എൻജിനീയറിംഗ് ടെക്നോളജി, സ്റ്റെറിലൈസേഷൻ ടെക്നോളജി, സ്റ്റെറിലൈസേഷൻ മോണിറ്ററിംഗ് പ്രോസസ് എന്നിവയാണ് ഇവരുടെ പ്രധാന ജോലി. ഇതേ കുറിച്ചറിവില്ലാത്ത ഹെഡ് നഴ്സുമാർക്ക് ഈ വിഭാഗം കൈകാര്യം ചെയ്യാനാവില്ലെന്ന് മേഖലയിലുള്ളവർ പറയുന്നു. ഇവരെ മാറ്റി അണുവിമുക്ത വിഭാഗത്തിലെ സീനിയർ ടെക്നീഷ്യനെ ഇൻ ചാർജ്ജായി നിയമിക്കുക മാത്രമാണ് പോംവഴി. നിലവിൽ സർക്കാർ ആശുപത്രികളിൽ അണുവിമുക്ത വിഭാഗം നഴ്സിംഗ് വിഭാഗത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ കീഴിലേക്ക് ഇത് മാറ്റേണ്ടതുണ്ട്.
ചില ആശുപത്രികളിൽ അണു വിമുക്തവിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിലുള്ള ജീവനക്കാർക്ക് രണ്ടുവർഷം പഠനവും പരിശീലനവും നൽകുന്നുണ്ട്. പുതിയ ടെക്നോളജിയും പുതിയ മെഷീനുകളുടെ പ്രവർത്തനവും ഇവർ പഠിച്ചെടുക്കുന്നുണ്ട്. ഒപ്പം സർജറി ഉപകരണങ്ങൾ അണുവിമുക്തമാക്കി പുനരുപയോഗത്തിന് വേണ്ടി സജ്ജമാക്കുകയും ചെയ്യുന്നു. പത്തും പതിനഞ്ചും വർഷം പ്രവർത്തിച്ച പ്രത്യേക പരിശീലനം ലഭിച്ച ഇവരെ മറ്റ് നഴ്സിംഗ് വിഭാഗത്തിലേക്ക് മാറ്റുമ്പോൾ അണുവിമുക്ത വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റുകയാണ്.
യന്ത്രങ്ങൾ ഉപയോഗശൂന്യം
അണുവിമുക്ത വിഭാഗത്തിലെ കേടായതും ഉപയോഗ ശൂന്യവുമായ യന്ത്രങ്ങൾ മാറ്റി ഗുണനിലവാരമുള്ള, പുതിയ സാങ്കേതികതയുള്ള യന്ത്രങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. യന്ത്രങ്ങളെ കുറിച്ച് ജീവനക്കാർക്ക് ചുരുങ്ങിയത് ഒരു വർഷത്തെ പരിശീലനവും ആവശ്യമാണ്. ഓട്ടോ ക്ലേവ് മെഷീൻ, വാഷർ, ഡിസ്ഇൻഫെക്ടർ, ഡ്രൈയിംഗ് കാബിനെറ്റ്, അൾട്രാസോണിക് ക്ലീനർ, സീലിംഗ് മെഷീൻ എന്നിവയാണ് വിഭാഗത്തിനാവശ്യമായ പ്രധാന യന്ത്രങ്ങൾ. എന്നാൽ പല സർക്കാർ ആശുപത്രികളിലും 15 വർഷത്തിനു മുകളിൽ കാലപ്പഴക്കമുള്ള യന്ത്രങ്ങളാണുള്ളത്.
അണുവിമുക്തവിഭാഗം
ആശുപത്രികളിൽ ശസ്ത്രക്രിയ നടക്കണമെങ്കിൽ അണുവിമുക്തവിഭാഗത്തിന്റെ കൃത്യമായ ഇടപെടൽ ആവശ്യമാണ്. അണുവിമുക്തമാക്കിയ സ്റ്റെറൈൽ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള സാധനങ്ങൾ ഓപ്പറേഷൻ തീയറ്ററിൽ ശ്രദ്ധയോടെ എത്തിക്കുന്നതിവരാണ്. ശാസ്ത്രീയ പരമായും സാങ്കേതിക പരമായും പ്രവർത്തിക്കുന്ന ഒരു അണുവിമുക്ത വിഭാഗമുണ്ടെങ്കിൽ മാത്രമെ ഒരു രോഗിക്ക് അണുബാധയും മറ്റ് അസ്വസ്ഥതകളുമില്ലാതെ സുഖമായ ശസ്ത്രക്രിയ സാദ്ധ്യമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |