മാഹി: മാർച്ച് മാസങ്ങളിൽ മുൻകാലങ്ങളില്ലാത്ത തരത്തിലുള്ള കൊടുംചൂട് അനുഭവപ്പെട്ടതോടെ മയ്യഴിപ്പുഴയുടെ ഭൂരിഭാഗം പ്രദേശവും വറ്റിവരണ്ടു. കടലിനോട് ചേർന്ന് കിടക്കുന്ന മാഹി, ന്യൂമാഹി പെരിങ്ങത്തൂർ വരെയുള്ള ഭാഗങ്ങളിൽ മാത്രമാണ് വെള്ളമുള്ളത്. മറ്റിടങ്ങൾ ഉറവക്കണ്ണുകൾ അടഞ്ഞ് പൂഴിപ്പരപ്പ് മാത്രമാണിപ്പോൾ.
പലയിടത്തും കൈയേറ്റവും മാലിന്യഭീഷണിയും മൂലമാണ് പുഴ ഈ വിധത്തിലായതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. പാത്തിക്കൽ ഭാഗത്ത് പുഴയോടനുബന്ധിച്ച തണ്ണീർത്തടം ഇപ്പോൾ പൂർണ്ണമായും നികത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒരറ്റം നികത്തിയ സ്വകാര്യവ്യക്തിയിൽ നിന്ന് ചൊക്ലി പഞ്ചായത്ത് പിഴ ചുമത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഭാഗം പൂർണ്ണമായും നികത്തിക്കഴിഞ്ഞു.തലശ്ശേരി-മാഹി ബൈപാസ് പാലത്തിന്റെ നേരെ കിഴക്ക് ഭാഗത്ത് പുഴയിൽ മഴക്കാലത്ത് വലിയതോതിൽ വെള്ളം ഒഴുകിയെത്തുന്ന ഭാഗമുണ്ട്. ഇവിടെയുള്ള ഓടയിൽ നിന്നും വൻതോതിൽ മാലിന്യം പുഴയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ജലജീവികളുടെ നിലനിൽപ്പിനും ഭീഷണിയായിട്ടുണ്ട്.
സഞ്ചിമാലിന്യം കുറഞ്ഞു
മയ്യഴിപ്പുഴ സംരക്ഷണ ജാഗ്രതാ സമിതികളുടെ നിരന്തര ഇടപെടലിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കിയ മാലിന്യം പുഴയിൽ തള്ളുന്നത് കുറഞ്ഞിട്ടുണ്ട്. കാമറകൾ സ്ഥാപിക്കുകയാണെങ്കിൽ മാലിന്യം തള്ളുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാനാകുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
നീരൊഴുക്ക് മുറിച്ച് അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളും കരകളിൽ നിന്ന് വലിച്ചെറിയുന്ന ജൈവ ,അജൈവ മാലിന്യങ്ങളും മയ്യഴിപ്പുഴയെ ശ്വാസം മുട്ടിക്കുന്നുണ്ട്.
വയനാട്ടിൽ നിന്ന് 54കിലോമീറ്റർ
വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിലെ മലനിരകളിൽ നിന്ന് പുറപ്പെട്ട് ,നരിപ്പറ്റ ,വാണിമേൽ, ഇയ്യങ്കോട് ,ഇരിങ്ങണ്ണൂർ, പെരിങ്ങത്തൂർ, പെരിങ്ങളം, ഇടച്ചേരി, കിടഞ്ഞി, കച്ചേരി, ഏറാമല, കരിയാട്, ഒളവിലം, കുന്നുമ്മക്കര ,അഴിയൂർ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ,മയ്യഴിയുടെ അഴിമുഖത്തെത്തി, അറബിക്കടലിലേക്ക് ചേരുമ്പോൾ പുഴ സഞ്ചരിക്കുന്നത് അമ്പത്തിനാല് കിലോമീറ്ററാണ് .
ചൊക്ലി പഞ്ചായത്തിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.തണ്ണീർത്തടം നികത്തുന്നത് ആവർത്തിക്കുമ്പോഴും അധികൃതർ കണ്ണടക്കുകയാണ്. പിഴയടച്ചാലും ഇട്ട മണ്ണ് പൂർണ്ണമായും മാറ്റുന്നില്ല ഇത് പിന്നാട് കൈയേറ്റം അംഗീകരിക്കപ്പെടുന്ന സ്ഥിതിയിലെത്തിക്കുന്നു.ഫൈൻ മറ്റൊരു തരത്തിൽ ലൈസൻസായി മാറുകായാണ്.തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തുകയാണിവിടെ-
വിജയൻ കൈനാടത്ത്
ചെയർമാൻ, മയ്യഴിപുഴ സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |