SignIn
Kerala Kaumudi Online
Friday, 19 April 2024 5.01 PM IST

കംഗാരു ഷോക്ക് പാഠമാകട്ടെ

odi

ചെന്നൈ: ടെസ്റ്റിലെ പരമ്പര നഷ്ടത്തിന് ഇന്ത്യയോട് ഏകദിനത്തിൽ പകരം വീട്ടിയാണ് ഓസ്ട്രേലിയ മടങ്ങുന്നത്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തോൽവി വഴങ്ങിയെങ്കിലും തുടർന്നുള്ള രണ്ട് മത്സരങ്ങളിലും ഗംഭീര ജയംനേടി പിന്നിൽ നിന്ന് പൊരുതിക്കയറി ഓസ്ട്രേലിയ 2-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. വരുന്ന ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മികച്ച രീതിയിൽ മുന്നൊരുക്കങ്ങൾ തുടങ്ങാനായത് കംഗാരുക്കൾക്ക് വലിയ ആത്‌മവിശ്വാസമാണ് നൽകുന്നത്. അതേസമയം മറുവശത്ത് ഇന്ത്യയ്ക്ക് ഈ തോൽവി വലിയൊരു പാഠമാണ്. സ്വന്തം നാട്ടിലെ ലോകകപ്പ് ലക്ഷ്യം വച്ച് ഇന്ത്യ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന സന്ദേശമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നൽകുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ നാട്ടിൽ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പര നഷ്ടമാക്കുന്നത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.

സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കെട്ടുറപ്പിനും സ്ഥിരതയ്ക്കും മേലെ വലിയ സംശയമാണ് ഈ പരമ്പര ഉയർത്തുന്നത്.പ്രത്യേകിച്ച രണ്ടാം മത്സരത്തിൽ ഒന്നു പൊരുതാൻ പോലുമാകാതെ കീഴടങ്ങിയ സാഹചര്യത്തിൽ. രണ്ട് മത്സരങ്ങളിൽ ഇന്ത്യ ഓൾഔട്ടായി. അവസാന മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ ടോപ് ഓർഡർ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായ സൂര്യകുമാർ യാദവാണ് വലിയ നിരാശ സമ്മാനിച്ചത്. ട്വന്റി-20യിലെ മികവ് ഏകദിനത്തിലും ടെസ്റ്രിലും തുടരാൻ കഴിയാത്ത സൂര്യയ്ക്കെതിരെ വലിയ വമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും താരത്തെ കൈവിടില്ലെന്ന സൂചനയാണ് ടീം മാനേജ്മെന്റ് നൽകുന്നത്. ഏകദിനത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ ശ്രേയസ് അയ്യർ തന്നെയാണ് നല്ല ഓപ്ഷൻ എന്ന രീതിയിലാണ് കാര്യങ്ങൾ. ഓപ്പണിംഗിൽ രോഹിതും ശുഭ്മാനും കിട്ടുന്ന നല്ല തുടക്കം വലിയ ഇന്നിംഗ്സായി മാറ്റേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും കൊഹ്‌ലി അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ടോപ് സ്കോററായി താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തി. ആദ്യ മത്സരത്തിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് രാഹുലിന് മദ്ധ്യനിരയിലെ സ്ഥാനം ഉറപ്പിച്ചു. ഹാർദിക്കും ജഡേജയും മാച്ച് വിന്നർമാരാണെങ്കിലും നിർണായക ഘട്ടങ്ങളിൽ പതറുന്നത് തലവേദനയാണ്. മൂന്നാം മത്സരത്തിൽ അനവസരത്തിൽ അനാവിശ്യ ഷോട്ടിന് മുതിർന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ ഇരുവരുടേയും സമീപനമാണ് ഇന്ത്യൻ തോൽവിയിൽ നിർണായകമായത്.

ബാറ്റ‌ർമാരെ അപേക്ഷിച്ച് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് അല്പം ഭേദപ്പെട്ട് നിന്നെങ്കിലും ഓസീസ് ബൗളിംഗിനൊപ്പമെത്താനായില്ലെന്നതാണ് യാഥാർത്ഥ്യം. ലോകകപ്പ് മുന്നിൽ നിൽക്കെ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ലോകകപ്പ് ആകുമ്പോഴേക്ക് ബുംറ പരിക്ക് ഭേദമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

സൂപ്പർ സ്മിത്ത്

ബാറ്റർ എന്ന നിലയിൽ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്ടൻ എന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ച സ്റ്റീവൻ സ്മിത്താണ് ഓസീസ് വിജയങ്ങൾക്ക് പിന്നിലെ പ്രധാന സാന്നിധ്യമായത്. ഏകദിനത്തിൽ ടീമിന് പരമ്പര വിജയം സമ്മാനിച്ച സ്മിത്തിന്റെ ക്യാപ്ടൻസിയിൽ ടെസ്റ്റിൽ ഒന്നുവീതം ജയവും സമനിലയും ഓസീസ് നേടി.

സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ നായക സ്ഥാനം വീണ്ടും ഏറ്റെടുത്ത സ്മിത്ത് കൃത്യമായ തീരുമാനങ്ങളും ആക്രമണോത്സുകമായ ഫീൽഡിംഗ് വിന്യാസം കൊണ്ടും ഓസീസിനെ തോൽവിയിൽ നിന്ന് കൈപിടിച്ചുയർത്തി. ടെസ്റ്റിലുൾപ്പെടെ നയിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ അദ്ദേഹം ടീമിന് ജയവും ഒരെണ്ണത്തിൽ സമനിലയും സമ്മാനിച്ചു.

ഐ.പി.എൽ കാലം

രാജ്യാന്തര മത്സങ്ങളുടെ ആരവങ്ങളിൽ നിന്ന് ഇനി ഐ.പി.എൽ ആവേശത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് രംഗം കടക്കുകയാണ്. ഐ.പി.എൽ 16ാം സീസണ് ഈ മാസം 31ന് തുടക്കമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.