കൊല്ലം : യു എഡി എഫ് എം പിമാരിൽ ഏറെ ജനപ്രിയ പരിവേഷമുള്ളയാളാണ് കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ. പ്രേമചന്ദ്രനെ പരാജയപ്പെടുത്തി കൊല്ലം ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും സി പി എം പരാജയപ്പെടുകയായിരുന്നു. ഈ അവസ്ഥയിൽ ഇക്കുറി യുവത്വത്തെ പരീക്ഷിക്കാൻ പാർട്ടിയൊരുങ്ങുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ പേരാണ് വിവിധ ഇടങ്ങളിൽ ചർച്ചയാവുന്നത്. തന്റെ പേര് കൊല്ലം തിരഞ്ഞെടുപ്പിൽ ഉയരുന്നതിനെകുറിച്ച് ചിന്ത ഒരു സ്വകാര്യ ചാനലിനോട് അഭിപ്രായം പങ്കുവച്ചു. ഇത്തരമൊരു തീരുമാനത്തെ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും, നിലവിൽ തനിക്ക് പാർട്ടി ഭാരിച്ച ഉത്തരവാദിത്വമാണ് നൽകിയിട്ടുള്ളതെന്നും ചിന്ത പറഞ്ഞു.
കൊല്ലം കേന്ദ്രീകരിച്ചാണ് തന്റെ സംഘടനാ പ്രവർത്തനം. കൊല്ലത്ത് യൂത്ത് കോൺഗ്രസുകാർ തനിക്കെതിരെ നടത്തുന്ന പ്രചാരണം വ്യാജമാണെന്നും ചിന്ത പറയുന്നു. അതേസമയം സമൂഹമാദ്ധ്യമ പോസ്റ്റുകളുടെ പേരിൽ തനിക്കെതിരായുള്ള വിമർശനങ്ങളിലും ചിന്ത പ്രതികരിച്ചിട്ടുണ്ട്. കഴമ്പുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നന്നായിരിക്കുമെന്ന് ചിന്ത പ്രതികരിച്ചു.
'വാലും തലയുമില്ലാത്ത ആരോപണങ്ങൾ അഴിച്ചുവിടുകയാണ്. പൗവ്വത്തിൽ തിരുമേനിയുടെ ശവസംസ്‌കാരത്തിൽ അന്തിമോപചാരമർപ്പിക്കാൻ പോയതാണ് അവസാനം ഇട്ട പോസ്റ്റ്. അതിൽ വരികൾക്കിടയിലൂടെ വായിച്ച് വല്ലാതെ പ്രചരിപ്പിച്ച് വിമർശിക്കുന്നതായാണ് ഈ പോസ്റ്റിലും കണ്ടത്. ഇത് ദൗർഭാഗ്യകരമാണ്.' ചിന്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |