പാലക്കാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്താൻ നിയമിച്ച എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ആരംഭിച്ചു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സ്ക്വാഡിന്റെ പ്രവർത്തനം.
തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് വിംഗ് ഉദ്യോഗസ്ഥർ, ജോയിന്റ് ഡയറക്ടർ നിർദേശിക്കുന്ന ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തുന്നത്. സ്ക്വാഡ് പരിശോധന നടത്തേണ്ട തദ്ദേശ സ്ഥാപന പരിധിക്കുള്ളിലെ പൊലീസ് ഉദ്യോഗസ്ഥനും സംഘത്തിലുണ്ടാകും.
പരിശോധനയിൽ പിരായിരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളിയത് കണ്ടെത്തി. പൊതുവഴിയിലെ മാലിന്യം എത്രയും പെട്ടന്ന് നീക്കം ചെയ്ത് വീണ്ടും അവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
കരിമ്പയിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നവർക്കെതിരെ നോട്ടീസ് നൽകാൻ നിർദേശം നൽകി. കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഡിസ്പോസിബിൾ ഉല്പന്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് താക്കീത് നൽകി.
സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ- ചട്ട ലംഘനം കണ്ടെത്തൽ, പരിശോധന, കുറ്റം കണ്ടെത്തൽ, അനധികൃത ഡിസ്പോസിബിൾ വസ്തുക്കൾ പിടിച്ചെടുക്കൽ, പിഴ ഈടാക്കൽ, നിയമ നടപടി സ്വീകരിക്കൽ എന്നിവയാണ് സ്ക്വാഡിന്റെ പ്രവർത്തനം. ജില്ലാ ശുചിത്വ മിഷൻ ഓഫീസാണ് സ്ക്വാഡിന്റെ പ്രവർത്തന ആസ്ഥാനം.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന പരിശോധന നടത്തും.
-ടി.ജി.അഭിജിത്ത്, എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് നോഡൽ ഓഫീസർ, ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |