തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ സംഘർഷം. തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസും കോഴിക്കോട് കോൺഗ്രസും സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടയിൽ വൻ സംഘർഷം റിപ്പോർട്ട് ചെയ്തു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നേതാക്കളടക്കം നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർ രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെയാണ് ലാത്തി വീശിയത്. ചിതറി ഓടിയ പ്രവർത്തകരെ പൊലീസ് പിന്തുടർന്ന് ലാത്തി ചാർജ് നടത്തി. ലാത്തിചാർജിൽ പ്രവർത്തകർക്ക് തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.
അതേസമയം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയും പൊലീസ് ലാത്തി പ്രയോഗിച്ചു. റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിച്ച പ്രവർത്തകർ ടയർ കത്തിച്ച് പ്രതിഷേധിച്ചു. പ്രവർത്തകർ ഒന്നാകെ റെയിൽവേ സ്റ്റേഷനകത്തേയ്ക്ക് ഇരച്ചെത്തി പ്രതിഷേധിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. രണ്ട് തവണയായി നടത്തിയ ലാത്തിച്ചാർജിനിടയിൽ ഡിസിസി പ്രസിഡന്റിനടക്കം പരിക്കേറ്റതായാണ് വിവരം. ടി സിദ്ദിഖ് എംഎൽഎ അടക്കം ഇടപെട്ടാണ് പൊലീസിനെയും പ്രവർത്തകരെയും അനുനയിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |