പൊതുമരാമത്ത് വിജിലൻസ് അന്വേഷിക്കും
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്ട് ഓഫീസിൽ സർക്കാർ ചെലവിൽ ചെയ്തുകൊണ്ടിരുന്നത് ജീവനക്കാരുടെ സ്വകാര്യ ജോലികൾ. മന്ത്രി മുഹമ്മദ് റിയാസ് ബുധനാഴ്ച നടത്തിയ മിന്നൽ പരിശോധനയിലാണ് ഓഫീസിലെ ജീവനക്കാരുടെ ഗുരുതര കൃത്യവിലോപവും ക്രമക്കേടുകളും പുറത്തായത്. ഇക്കാര്യങ്ങൾ പൊതുമരാമത്ത് വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സർക്കാർ കെട്ടിടങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും സ്കെച്ചും പ്ളാനും തയ്യാറാക്കലും ഡിസൈനിംഗുമാണ് ചീഫ് ആർക്കിടെക്ട് തലവനായ ഓഫീസിന്റെ ചുമതല. എന്നാൽ കമ്പ്യൂട്ടറുൾപ്പെടെയുള്ള സർക്കാർ ഓഫീസ് സംവിധാനങ്ങൾ ഉപയോഗിച്ച് ജീവനക്കാർ പുറത്ത് നിന്നുള്ള ജോലികൾ കരാറെടുത്ത് ഇവിടെ ചെയ്തിരുന്നതായാണ് മന്ത്രിയുടെ പരിശോധനയിൽ വ്യക്തമായത്.
മന്ത്രിയുടെ മിന്നൽ പരിശോധനാവേളയിൽ ചീഫ് ആർക്കിടെക്ടും വിരലിലെണ്ണാവുന്ന ജീവനക്കാരുമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. വർഷങ്ങളായി ഇവിടെ തുടരുന്ന ജീവനക്കാരിൽ ചിലർ വിവിധ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനികൾക്കും കൺസൾട്ടൻസികൾക്കുമായി സ്കെച്ചും പ്ളാനും തയ്യാറാക്കി നൽകുന്നുണ്ട്. ഓഫീസ് സമയത്ത് ഈ കൺസ്ട്രക്ഷൻ കമ്പനികളുടെ സൈറ്റുകൾ സന്ദർശിക്കുകയും സാങ്കേതിക ഉപദേശങ്ങളും ഡ്രോയിംഗ് ജോലികളും ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ജീവനക്കാരിൽ ചിലരുടെ പേരിൽ ഇത്തരം ബിനാമി സ്ഥാപനങ്ങളുള്ളതായ വിവരവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ചില ഫ്ലാറ്റുകൾ, ഷോപ്പിംഗ് മാളുകൾ,വില്ലകൾ എന്നിവയുടെ പ്ളാനുകളാണ് ഇവിടെ തയ്യാറാക്കിയത്.
പൊതുമരാമത്ത് സെക്രട്ടറി കൂടി പങ്കെടുത്ത മിന്നൽ പരിശോധനയുടെ റിപ്പോർട്ട് ഇതുവരെ മന്ത്രിക്ക് ലഭിച്ചിട്ടില്ല. ഒപ്പിട്ട് മുങ്ങിയവർക്കും അനധികൃതമായി ജോലിക്കെത്താത്തവർക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ജീവനക്കാരുടെ പഞ്ചിംഗ് സ്പാർക്ക് സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |