കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട എല്ലാ കരാറുകളുെ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കൊച്ചി മേയർക്കെതിരെ സമരം ചെയ്ത യു.ഡി.എഫുകാരെ പൊലീസ് അക്രമിക്കുന്നതിൽ പ്രതിഷേധിച്ച് നടന്ന കമ്മിഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മപുരത്തെ വലിയ അഴിമതി കഥകൾ വരും ദിനങ്ങളിൽ പുറത്ത് കൊണ്ടുവരും. സോൺട കമ്പനിക്ക് ബയോമൈനിംഗ് കരാർ നൽകുന്നത് യു.ഡി.എഫ് എതിർത്തതാണ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കരാർ നേടിയത്. ഇതിനായി ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
ബ്രഹ്മപുരത്ത് നിശ്ചയിച്ച ആധുനിക മാലിന്യ പ്ലാന്റ് ഇല്ലാതാക്കിയത് ഒന്നാം പിണറായി സർക്കാറാണ്. യു.ഡി.എഫ് കോർപ്പറേഷൻ ഭരിക്കുന്നതിനാൽ എറണാകുളത്തെ സി.പി.എം നിർദ്ദേശം സർക്കാർ പാലിച്ചു. കൊച്ചിയിൽ കോൺഗ്രസ് വിരോധം കൈമുതലാക്കിയ എല്ലാ പൊലീസുകാരെയും കോൺഗ്രസിനറിയാം. സമരത്തെ തല്ലിച്ചതച്ച് മുന്നോട്ട് പോകാമെന്ന് കരുതരുതെന്നും വി.ഡി.സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാൻ എം.പി. എം.എൽ.എമാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഉമ തോമസ്, എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ.പൗലോസ് ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ കെ.പി ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, കെ.പി.ഹരിദാസ്, ജയ്സൺ ജോസഫ് ,ടോണി ചമ്മിണി, ഐ.കെ.രാജു, തമ്പി സുബ്രഹ്മണ്യം, കെ.കെ. ഇബ്രാഹിംകുട്ടി, വി.കെ. മിനിമോൾ , അബ്ദുൾ ലത്തീഫ്, എൻ. ആർ.ശ്രീകുമാർ, ബേസിൽ പോൾ, സെബി കിടങ്ങൻ, ബാബു പുത്തനങ്ങാടി, കെ.സി.സാബു, സേവിയർ തായങ്കേരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |