മഞ്ചേരി: മെഡിക്കൽ കോളേജിലെ എക്സ് റേ യൂണിറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് പ്രതിഷേധമുയർന്നതോടെ താത്കാലിക സംവിധാനമൊരുക്കി ആശുപത്രി അധികൃതർ. പ്രവർത്തനം മുടങ്ങിക്കിടന്ന മാമോഗ്രാം മെഷീനിന്റെ യു.പി.എസ് സംവിധാനം എക്സ് റേ മെഷീനിനായി ഉപയോഗിച്ചാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്. നേരത്തെ തന്നെ ഇത് ചെയ്യാമായിരുന്നു എന്നിരിക്കേയാണ്, ഒരാഴ്ചയോളമായി എക്സ്റേ യൂണിറ്റ് പ്രവർത്തിക്കാതെ കിടന്നത്.
പൊരിവെയിലത്ത് രോഗിയെ വീൽച്ചെയറിലിരുത്തി കൊണ്ടുപോവുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനങ്ങളുയർന്നു. ഇതോടെയാണ് അതിവേഗം താത്കാലിക പരിഹാരം കണ്ടത്. എക്സ്റേയുമായി ബന്ധപ്പെട്ട് പ്രതിദിനം 200ലേറെ കേസുകളെത്തുന്ന മഞ്ചേരി മെഡിക്കൽ കോളേജിൽ പുതിയ ബ്ളോക്കിലെ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചത് രോഗികളെ ഏറെ വലച്ചിരുന്നു.
അത്യാഹിത വിഭാഗത്തിന് സമീപത്തായാണ് എക്സ്റേ, സ്‌കാൻ യൂണിറ്റുകൾ എല്ലാ ആശുപത്രിയിലും സജ്ജീകരിക്കുകയെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ മാത്രം ഇവ രണ്ടും 'തലതിരിഞ്ഞാണ് ' . അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന എ ബ്ലോക്കിലും ഏറെ ദൂരെയായി സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലെ ബി ബ്ലോക്കിലുമായാണ് ഇരുവിഭാഗങ്ങളിലേയും ഓരോ യൂണിറ്റുകൾ വീതം പ്രവർത്തിക്കുന്നത്. എ ബ്ലോക്കിൽ ഇപ്പോൾ താത്കാലികമായി പ്രവർത്തനക്ഷമമാക്കിയതുൾപ്പെടെ രണ്ട് മെഷിനുകളാണുള്ളത്. ഇവയിലൊന്ന് എട്ട്മാസമായി പ്രവർത്തിക്കുന്നില്ല. ബി ബ്ലോക്കിലുള്ള മൂന്ന് മെഷീനുകളിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് മെഷീനുകളും പ്രവർത്തിക്കുന്നില്ല. ഇത് കാരണം രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അതികൃതർ ഒരു ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.
സി.ടി സ്‌കാനിംഗ് യൂണിറ്റിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അത്യാഹിത വിഭാഗത്തിനടുത്ത് പ്രവർത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്ള്യു.എസിന്റെ സ്‌കാനിംഗ് യൂണിറ്റ് വൈകിട്ട് അഞ്ചുവരെ മാത്രമേ പ്രവർത്തിക്കൂ. പിന്നീട് വരുന്ന രോഗികൾക്ക് അത്യാവശ്യ സ്‌കാനിംഗ് വേണ്ടി വന്നാൽ സ്ട്രക്ച്ചറിൽ കിടത്തി ആശുപത്രി മുറ്റത്തിലൂടെ ഉരുട്ടി വേണം ബി ബ്ലോക്കിലെ സ്‌കാനിംഗ് യൂണിറ്റിലെത്തിക്കാൻ. ഇളകാൻ പോലുമാവാത്ത രോഗികൾക്ക് ഈ ഓട്ടം കുറച്ചൊന്നുമല്ല പ്രയാസം സൃഷ്ടിക്കുന്നത്.
മാമോഗ്രാം മെഷീനും കട്ടപ്പുറത്ത്.
സ്തനാർബുദ പരിശോധന നടത്താനായി സ്ഥാപിച്ച മാമോഗ്രാം മെഷീൻ പ്രവർത്തനരഹിതമായി പൊടിപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാവുന്നു. അർബുദ രോഗവിഭാഗം ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മാമോഗ്രാം ടെസ്റ്റിന് പുറത്തെ സ്വകാര്യ ലാബിലേക്ക് എഴുതുന്ന 'ചടങ്ങാണ് ' കാലങ്ങളായി ഇവിടെ തുടർന്നു വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |