തൃശൂർ: ഉജ്ജയിനിൽ എൽ.എൽ.ബിക്ക് പഠിക്കാൻ പോയി ജയിലിലായ തൃശൂർ അയ്യന്തോൾ 'ശ്രുതി'യിൽ കെ.മാധവനുണ്ണിക്ക് ജീവിത സായാഹ്നത്തിൽ മദ്ധ്യപ്രദേശ് സർക്കാരിന്റെ പെൻഷൻ ലഭിച്ചേക്കും. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷയനുഭവിച്ചവർക്ക് മദ്ധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ ലോകമാന്യ ജയപ്രകാശ് നാരായൺ സമ്മാൻ നിധിയനുസരിച്ചാണിത്.
ഉജ്ജയിനിൽ രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിയായിരിക്കെയാണ് 24 ദിവസം മാധവനുണ്ണി കരുതൽ തടങ്കലിലായത്. ഇപ്പോൾ എൺപത്തിരണ്ടിലെത്തിയ മാധവനുണ്ണി 2017ൽ പദ്ധതിപ്രകാരം ധനസഹായത്തിന് അപേക്ഷിച്ചിരുന്നു. 2018 മേയ് 22ന് 8,000 രൂപ അനുവദിച്ച് മദ്ധ്യപ്രദേശ് സർക്കാരിന്റെ കത്ത് ലഭിച്ചു. ഉജ്ജയിൻ സെൻട്രൽ ജയിലിലെ രേഖകൾ പരിശോധിച്ചാണ് കളക്ടർ കത്തയച്ചതെങ്കിലും തുടർനടപടിയുണ്ടായില്ല. സർക്കാർ മാറിവന്നതും മറ്റും ഇതിന് തടസമായി. ഇപ്പോഴത്തെ സർക്കാർ അടിയന്തരാവസ്ഥക്കാലത്തെ മിസ തടവുകാർക്കുള്ള പെൻഷൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നുവെന്നാണ് വിവരം. വിക്രം യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മാധവ് കോളേജിൽ, നിയമപഠനത്തിന് വൈകി ചേർന്ന മാധവനുണ്ണി ഉജ്ജയിനിയിലെ ശാന്താറാം ഭവാൽക്കറെന്ന അഭിഭാഷകന്റെ ഓഫീസിൽ താമസിച്ചായിരുന്നു പഠനം. അടിന്തരാവസ്ഥയെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകനായ ഭവാൽക്കറും മറ്റ് നേതാക്കൾക്കൊപ്പം ജയിലിലായി. ഒരു ദിവസം മാധവനുണ്ണിയെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പിന്നീട് വിട്ടയച്ചെങ്കിലും ഒരിക്കൽക്കൂടി അറസ്റ്റ് ചെയ്തിരുന്നതായി അദ്ദേഹം ഓർക്കുന്നു. ഇതിനിടയിലും പഠനം തുടർന്നു. തൃശൂർ ബാറിൽ ഏറെക്കാലം അഭിഭാഷകനായിരുന്നു മാധവനുണ്ണി. ഭാര്യ: നർമ്മദ. മകൻ: അഭിരാം ഉണ്ണി.
വൈകിയാണെങ്കിലും പെൻഷൻ കിട്ടുമെന്നാണ് പ്രതീക്ഷ. തുടർനടപടികളുണ്ടാകുന്നതിൽ സന്തോഷം.
മാധവനുണ്ണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |