നിഖാത്ത് സരിനും ലവ്‌ലിന ബോർഗോഹെയ്നും ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം
നിഖാത്ത് ലോക ബോക്സിംഗ് ചാമ്പ്യനാവുന്നത് തുടർച്ചയായ രണ്ടാം തവണ
ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആകെ നാലു സ്വർണം
ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇടിമുഴക്കം സൃഷ്ടിച്ച് ഇന്ത്യൻ താരങ്ങൾ. ഇന്ദിരാഗാന്ധി സ്റ്റേഡിയം വേദിയായ ചാമ്പ്യൻഷിപ്പിൽ ഇന്നലെ നിഖാത്ത് സരിനും ലവ്‌ലിന ബോർഗോഹെയ്നും സ്വർണം നേടിയതോടെ ഈ ലോക ചാമ്പ്യൻഷിപ്പിലെ ആതിഥേയരുടെ ആകെ നേട്ടം നാലു സ്വർണങ്ങളായി ഉയർന്നു. നിഖാത്ത് ഫൈനലിൽ വിയറ്റ്നാമിന്റെ തി താം എൻഗുയേനെ 5-0ത്തിന് തോൽപ്പിച്ചപ്പോൾ ഒളിമ്പിക് വെങ്കലമെഡൽ ജേതാവായ ലവ്‌ലിന കീഴടക്കിയത് ഓസ്ട്രേലിയയുടെ കൈറ്റ്ലിൻ പാർക്കറെയാണ്.കഴിഞ്ഞ ദിവസം നിതു ഘൻഗാസും സ്വീറ്റിയും സ്വർണം നേടിയിരുന്നു. .
ഇന്നലെ ആദ്യം നടന്ന 50 കിലോ ഗ്രാം ഫൈനലിൽ തായ്‌ലാൻഡിന്റെ എൻഗുയേൻ തി താമിനെ 5-0ത്തിന് തോൽപ്പിച്ച് നിഖാത്ത് സ്വന്തമാക്കിയത് തന്റെ തുടർച്ചയായ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് സ്വർണമാണ്. എം.സി മേരികോമിന് ശേഷം തുടർച്ചയായി രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണംനേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നിഖാത്ത്. ഈ ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണ് നിഖാത്ത് നേടിയത്. പിന്നാലെ നടന്ന 80 കിഗ്രാം വിഭാഗം ഫൈനലിലൂടെ ലവ്‌ലിന സ്വർണനേട്ടം നാലാക്കി മാറ്റി.
ഇന്നലെ നടന്ന ആദ്യ ഫൈനൽ മത്സരിക്കാനിറങ്ങിയ നിഖാത്ത് ആദ്യ റൗണ്ടിൽതന്നെ കൃത്യതയാർന്ന പഞ്ചുകളുമായി മുന്നേറി. എന്നാൽ രണ്ടാം റൗണ്ടിൽ തായ് താരം തിരിച്ചിടിച്ചു.നിഖാത്ത് പതിയെ പ്രതിരോധത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.എന്നാൽ മൂന്നാം റൗണ്ടിൽ നിഖാത്ത് പുറത്തെടുത്ത ആക്രമണവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ എൻഗുയേന് കഴിയാതെ വന്നതോടെ റഫറിമാർ ഐകകണ്ഠേന നിഖാത്തിനെ വിജയിയായി പ്രഖ്യാപിച്ചു.
ലവ്‌ലിനയ്ക്ക് ഫൈനലിൽ ഓസ്ട്രേലിയൻ താരത്തിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. ആദ്യറൗണ്ടിന്റെ തുടക്കത്തിൽ ലവ്‌ലിനയും അവസാന ഘട്ടത്തിൽ കൈറ്റ്‌ലിനും മികവുകാട്ടി. റൗണ്ടിലെ വിജയിയായി റഫറിമാർ പ്രഖ്യാപിച്ചത് ലവ്‌ലിനയാണ്. എന്നാൽ ഓസ്ട്രേലിയൻ താരം രണ്ടാം റൗണ്ടിൽ തിരിച്ചിടിച്ചതോടെ മൂന്നാം റൗണ്ട് നിർണായകമായി.മൂന്നാം റൗണ്ടിൽ മികച്ച പഞ്ചുകളും ഉറച്ച പ്രതിരോധവും കൊണ്ട് ലവ്‌ലിന മത്സരം പിടിച്ചെടുക്കുകയായിരുന്നു. ടോക്യോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവാണ് ലവ്‌ലിന.
പോരാട്ടം കളത്തിലും പുറത്തും
ഇടിക്കൂട്ടിനകത്തും പുറത്തും വീറോടെ പൊരുതി മുന്നേറിയ ചരിത്രമാണ് നിഖാത്ത് സരിൻ എന്ന 26കാരിയുടേത്. എം.സി മേരികോം എന്ന ഇതിഹാസതാരം മാറ്റുരയ്ക്കുന്ന അതേ വെയ്റ്റ് കാറ്റഗറിയിലായിപ്പോയി എന്ന കാരണം കൊണ്ടുമാത്രം ദേശീയ ടീമിൽ ഇടം ലഭിക്കാൻ യുദ്ധം നടത്തേണ്ടിവന്നിട്ടുണ്ട് ഈ ഹൈദരാബാദുകാരിക്ക്. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടി മേരികോമിന്റെ യഥാർത്ഥ പിന്മുറക്കാരിയാണ് താനെന്ന് നിഖാത്ത് തെളിയിച്ചിരിക്കുന്നു.
2011ൽ തുർക്കിയിലെ അന്റാലിയയിൽ നടന്ന ലോക യൂത്ത്/ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് നിഖാത്ത് വരവറിയിച്ചത്.എന്നാൽ മേരികോം അടക്കിവാണ സീനിയർ ടീമിലേക്ക് പ്രവേശനം ലഭിക്കാൻ പ്രയാസമായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ 51 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായ മത്സരിക്കാൻ നിഖാത്തിന് ആഗ്രഹമുണ്ടായിരുന്നു. ഈയിനത്തിലെ സൂപ്പർ താരമായ മേരികോമിനോട് സെലക്ഷൻ ട്രയൽസിൽ മാറ്റുരയ്ക്കാൻ തനിക്ക് അവസരം നൽകണമെന്ന് നിഖാത്ത് ബോക്സിംഗ് ഫെഡറേഷന് അപേക്ഷ നൽകിയെങ്കിലും മേരികോമിന് സെലക്ഷൻ നൽകാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ അന്നത്തെ കായിക മന്ത്രി കിരൺ റിജിജുവിന് നിഖാത്ത് രണ്ട് തവണ പരാതി നൽകിയതോടെ സെലക്ഷൻ ട്രയൽസ് നടത്താൻ ഫെഡറേഷൻ തയ്യാറായി. ട്രയൽസിൽ മേരികോം ജയിച്ചെങ്കിലും ഒരു ചാനൽ അഭിമുഖത്തിൽ ' ആരാണ് ഈ നിഖാത്ത് സരിൻ, അങ്ങനെയൊരു ബോക്സറെ താൻ അറിയില്ലല്ലോ' എന്ന മേരികോമിന്റെ വാക്കുകൾ വീണ്ടും വിവാദമായി.
ഒളിമ്പിക്സിൽ നിരാശപ്പെടുത്തിയ മേരികോം പതിയെ കളം വിട്ടതോടെയാണ് നിഖാത്തിന്റെ സമയം തെളിഞ്ഞത്. 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ നിഖാത്ത് കഴിഞ്ഞ വർഷം ഇസ്താംബുളിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ ജുതാമാസ് ജിറ്റ്പോംഗിനെ ഇടിച്ചിട്ടാണ് ആദ്യ ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്.
ഇന്ത്യൻ വനിതാ ബോക്സിംഗ് ലോക ചാമ്പ്യന്മാർ
ഇതോടെ ഇന്ത്യയുടെ വനിതാ ബോക്സിംഗ് ലോക ചാമ്പ്യന്മാരുടെ എണ്ണം എട്ടായി. എം.സി മേരികോം,സരിതാ ദേവി, കെ.സി ലേഖ,ജെന്നി,നിഖാത്ത് സരിൻ,സ്വീറ്റി ബൂറ,നിതു ഘൻഗാസ്,ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവരാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |