SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

മോദി അയയ്ക്കുന്നതാണെന്ന് കരുതി അക്കൗണ്ടിലെത്തിയ ലക്ഷങ്ങൾ തുടർച്ചയായി പിൻവലിച്ച  42കാരൻ അറസ്റ്റിൽ, ബാങ്ക് പിഴവ് കണ്ടെത്തിയത് വർഷങ്ങൾ കഴിഞ്ഞ്

Increase Font Size Decrease Font Size Print Page
modi-

റാഞ്ചി : സ്വന്തമായി അക്കൗണ്ടിൽ 65 രൂപ മാത്രമുണ്ടായിരുന്ന 42 കാരനായ ബീഡിനിർമ്മാണ തൊഴിലാളി മോദിയെ പുകഴ്ത്താത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. കാരണം കൊവിഡ് കാലത്ത് കഷ്ടപ്പാടിലായ അദ്ദേഹത്തിന് ലക്ഷക്കണക്കിന് രൂപയാണ് ബാങ്ക് അക്കൗണ്ടിൽ വന്നു കൊണ്ടിരുന്നത്. ഇതെല്ലാം മോദിയുടെ കരുതലാണെന്നാണ് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ജീത്രായ് സാമന്ത് കരുതിയത്. ആറു കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന് ഇപ്പോഴാണ് കാര്യത്തിന്റെ കിടപ്പുവശം പിടികിട്ടിയത്. ആധാർ നമ്പർ ലിങ്ക് ചെയ്തപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണ് ജീത്രായ് സാമന്തിന്റെ അക്കൗണ്ടിലേക്ക് പണം ഒഴുകാൻ കാരണമായത്.

സംഭവിച്ച പിഴവ്

കോമൺ സർവീസ് സെന്ററിൽ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചപ്പോഴുണ്ടായ പിശകാണ് അക്കൗണ്ട് മാറാൻ കാരണമായത്. അക്ഷയ സെന്റർ പോലെ ജാർഖണ്ഡിൽ വിദൂര ഗ്രാമങ്ങളിൽ സേവനം എത്തിക്കുന്നതിനായി സ്ഥാപിച്ച കോമൺ സർവീസ് സെന്ററിലാണ് ജീത്രായ് സാമന്ത് ആധാർ സേവനത്തിനായി എത്തിയത്. എന്നാൽ അധാർ നമ്പർ തെറ്റായി നൽകിയപ്പോൾ മറ്റൊരു അക്കൗണ്ടുമായി ബന്ധിക്കപ്പെടുകയായിരുന്നു. ഈ അക്കൗണ്ടിലുണ്ടായിരുന്ന പണം അപ്രത്യക്ഷമായതിനെ തുടർന്നുള്ള അന്വേഷണമാണ് ഇപ്പോൾ 42 കാരന്റെ അറസ്റ്റിൽ കലാശിച്ചിരിക്കുന്നത്.

മോദിയുടെ കരുതൽ

കൊവിഡ് സമയത്ത് വരുമാനം നിലച്ച അവസ്ഥയിലാണ് കേന്ദ്ര സർക്കാർ അക്കൗണ്ടിലേക്ക് ധനസഹായം നൽകുന്നതായി ഗ്രാമത്തിൽ സംസാരമുണ്ടായത്. ഇത് കേട്ട സാമന്ത് തന്റെ അക്കൗണ്ടിലെ തുക പരിശോധിക്കാൻ തീരുമാനിച്ചു. കോമൺ സർവീസ് സെന്ററിലെത്തി ആധാർ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ ബാലൻസായി കാണിച്ചു. തുടർന്ന് ഇദ്ദേഹം പല തവണകളായി പണം പിൻവലിക്കുകയായിരുന്നു.

പണം നഷ്ടമായതായി കാണിച്ച് യഥാർത്ഥ ഉടമ ബാങ്കിനെ സമീപിച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. തുടർന്ന് ബാങ്ക് അധികൃതർ സാമന്തിനോട് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കൈമലർത്തിയ സാമന്ത് മോദിയുടെ പേര് പറഞ്ഞ് തടിയൂരാനാണ് ശ്രമിച്ചത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു. യഥാർത്ഥത്തിൽ 650 രൂപ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന സാമന്ത് രണ്ട് ലക്ഷത്തോളം രൂപയാണ് ഇക്കാലയളവിൽ പിൻവലിച്ചത്. 500 രൂപ മുതൽ 5000 രൂപ വരെയുള്ള തുകകളായാണ് പണമെടുത്തത്. ബാങ്കിന്റെ പരാതിയിൽ മാർച്ച് 24നാണ് സാമന്ത് അറസ്റ്റിലായത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, RANCHI, MODI, NARENDRA MODI, CHEATING, CHEATING CASE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY