
വിരാട് കൊഹ്‌ലി കളിച്ച മത്സരത്തിൽ അമ്പയറായി പഴയ സഹതാരം അജിതേഷ് അർഗൽ
ന്യൂഡൽഹി : കഴിഞ്ഞദിവസം ആർ.സി.ബിയും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള ഐ.പി.എൽ മത്സരത്തിൽ ആർ.സി.ബിക്ക് വേണ്ടി വിരാട് കൊഹ്‌ലി കളിക്കാനിറങ്ങിയപ്പോൾ മത്സരം നിയന്ത്രിക്കാൻ ഫീൽഡ് അമ്പയറായി എത്തിയത് വിരാടിന്റെ ഒരു പഴയ കളിക്കൂട്ടുകാരനാണ്; അജിതേഷ് അർഗൽ. 2008-ലാണ് വിരാടിന്റെ നേതൃത്വത്തിൽ അണ്ടർ 19 ലോകകപ്പ് ടീമിലെ അംഗമായിരുന്നു മീഡിയം പേസറായ അജിതേഷ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഫൈനലിൽ ഏഴ് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അജിതേഷ് അന്ന് പ്ളേയർ ഒഫ് ദ മാച്ചായിരുന്നു.
2008-ൽ കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിലെടുത്തിട്ടും തിളങ്ങാൻ സാധിക്കാതെ പോയ അജിതേഷ് ആദായനികുതി വകുപ്പിൽ ജോലിക്ക് പ്രവേശിച്ചു. പിന്നീട് ബിസിസിഐയുടെ അമ്പയറിംഗ് പരീക്ഷ പാസായ ശേഷമാണ് ഇത്തവണത്തെ ഐ.പി.എല്ലിൽ അമ്പയറാകുന്നത്. അങ്ങനെയാണ് വിരാടും അജിതേഷും വീണ്ടും കളിക്കളത്തിൽ ഒന്നിച്ചത്.
9000
ഡൽഹിക്ക് എതിരായ മത്സരത്തിലൂടെ വിരാട് ഐ.പി.എല്ലിൽ 9,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. 275 മത്സരങ്ങളിൽ നിന്നായി എട്ട് സെഞ്ച്വറികളും 66 അർധ സെഞ്ച്വറികളുമടക്കം 9,012 റൺസാണ് വിരാടിന്റെ സമ്പാദ്യം. ഈ സീസണിലും മികച്ച ഫോമിലുള്ള വിരാട് എട്ട് മത്സരങ്ങളിൽ നിന്ന് 351 റൺസ് നേടി റൺവേട്ടയിൽ നാലാം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |