ഐ.പി.എൽ 16-ാം സീസണിന് നാളെ തുടക്കം
അഹമ്മദാബാദ് : ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിന്റെ തന്നെ മുഖഛായ മാറ്റിയെഴുതിയ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐ.പി.എൽ) 16-ാം സീസണിന്റെ മാധുര്യത്തിലേക്ക് കടക്കുന്നു. 2008ൽ ആരംഭിച്ച ടൂർണമെന്റിന്റെ പുതിയ പതിപ്പിന് നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ജയന്റ്സും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരത്തോടെയാണ് കൊടിയേറുന്നത്.
കൊവിഡ് കാരണം കഴിഞ്ഞ മൂന്ന് സീസണുകളിലായി പൊതുവേദികളിൽ നടന്ന ടൂർണമെന്റ് ഇക്കുറി പഴയ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. ഇത്തവണ അസാമിലെ ബരസ്പാറ സ്റ്റേഡിയം ഐ.പി.എൽ വേദിയായി മാറുന്നുണ്ട്. രാജസ്ഥാൻ റോയൽസിന്റെ ചില ഹോം മാച്ചുകളാണ് ബരസ്പാറയിൽ നടക്കുന്നത്. കളി നിയമങ്ങളിലെ മാറ്റവും പ്രധാനമാണ്. ടോസ് കഴിഞ്ഞ ശേഷം പ്ളേയിംഗ് ഇലവനെയും ഇംപാക്ട് പ്ളേയറെയും തീരുമാനിക്കാം എന്നതാണ് പ്രധാന മാറ്റം. പിച്ചിന്റെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്ളേയിംഗ് ഇലവനെ തീരുമാനിക്കാം എന്നതാണ് ഇതിന്റെ ഗുണം. പ്ളേയിംഗ് ഇലവനെക്കൂടാതെ നാലു കളിക്കാരെ സബ്സ്റ്റിറ്റ്യൂട്ടുകളായി ഓരോ ടീമിനും നിശ്ചയിക്കാം. ഇവരിൽ ഒരാളെ ഇംപാക്ട് പ്ളേയർ എന്ന പേരിൽ പകരക്കാരനായി ഇറക്കാം. നിശ്ചിത സമയത്ത് ബൗളിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ അവശേഷിക്കുന്ന ഓവറുകളിൽ 30വാര സർക്കിളിന് പുറത്ത് നാലുഫീൽഡേഴ്സിനെ മാത്രമേ അനുവദിക്കൂ. വൈഡിനും നോബാളിനുമായി ഡി.ആർ.എസിലൂടെ അപ്പീൽ ചെയ്യുകയുമാകാം.
ഈ സീസണിലേക്ക് പുതിയ ചില ക്യാപ്ടന്മാരും പരിശീലകരും എത്തുന്നുണ്ട്. പരിക്കേറ്റ റിഷഭ് പന്തിന് പകരം ഡേവിഡ് വാർണറാവും ഡൽഹി ക്യാപ്പിറ്റൽസിനെ നയിക്കുക. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം നിതീഷ് റാണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്ടനാവും. ബ്രണ്ടൻ മക്കല്ലത്തിന് പകരം ചന്ദ്രകാന്ത് പണ്ഡിറ്റാണ് ഇക്കുറി നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകൻ. പഞ്ചാബ് കിംഗ്സിലും കോച്ചും ക്യാപ്ടനും മാറുന്നുണ്ട്.മായാങ്ക് അഗർവാളിന് പകരം പരിചയ സമ്പന്നനായ ശിഖർ ധവാൻ ക്യാപ്ടനായെത്തുമ്പോൾ അനിൽ കുംബ്ളെയ്ക്ക് പകരം കോച്ചാവുന്നത് ട്രെവർ ബെയ്‌ലിസാണ്. സൺ റൈസേഴ്സ് ഹൈദരാബാദിൽ ടോം മൂഡിക്ക് പകരം സാക്ഷാൽ ബ്രയാൻ ലാറ മുഖ്യ കോച്ചായെത്തും. എയ്ഡൻ മാർക്രമാണ് ക്യാപ്ടൻ. മുംബയ് ഇന്ത്യൻസ് കോച്ചായിരുന്ന മഹേല ജയവർദ്ധന ടീമിന്റെ സ്ട്രാറ്റജിക് കൺസൾട്ടന്റായി മാറി. മാർക്ക് ബൗച്ചറാണ് പുതിയ കോച്ച്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായി സഞ്ജു സാംസണും കോച്ചായി കുമാർ സംഗക്കാരയും തുടരും.
18.5
കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ ഇംഗ്ളീഷ് ആൾറൗണ്ടർ സാം കറാനാണ് കൊച്ചിയിൽ നടന്ന ഇത്തവണത്തെ താരലേലത്തിലെ ഏറ്റവും വിലയേറിയ താരം.
ഇതുവരെയുള്ള എല്ലാ സീസണുകളിലും ക്യാപ്ടനായിരുന്ന ഒരു താരമേയുളളൂ,മഹേന്ദ്ര സിംഗ് ധോണി. 13 സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ച ധോണി ചെന്നൈ വിലക്കിലായിരുന്ന രണ്ട് സീസണുകളിൽ പൂനെ സൂപ്പർ ജയന്റ്സിനെ നയിച്ചു.
ടീം,ക്യാപ്ടൻ, കോച്ച്
1. ചെന്നൈ സൂപ്പർ കിംഗ്സ് - ധോണി - ഫ്ളെമിംഗ്
2.ഡൽഹി ക്യാപ്പിറ്റൽസ് - വാർണർ - റിക്കി പോണ്ടിംഗ്
3. കിംഗ്സ് ഇലവൻ പഞ്ചാബ് - ധവാൻ-ബെയ്ലിസ്
4.നൈറ്റ്റൈഡേഴ്സ് - നിതീഷ് റാണ- ചന്ദ്രകാന്ത് പണ്ഡിറ്റ്
5.മുംബയ് ഇന്ത്യൻസ് - രോഹിത് ശർമ്മ- മാർക്ക് ബൗച്ചർ
6.രാജസ്ഥാൻ റോയൽസ് - സഞ്ജു സാംസൺ- സംഗക്കാര
7.ആർ.സി.ബി - ഡുപ്ളെസി- സഞ്ജയ് ബംഗാർ
8.സൺറൈസേഴ്സ് - എയ്ഡൻ മാർക്രം - ബ്രയാൻ ലാറ
9.ലക്നൗ സൂപ്പർ ജയന്റ്സ്- കെ.എൽ രാഹുൽ-ആൻഡി ഫ്ളവർ
10. ഗുജറാത്ത് ജയന്റ്സ് - ഹാർദിക് പാണ്ഡ്യ- ആശിഷ് നെഹ്റ.
ജേതാക്കൾ ഇതുവരെ
2008 - രാജസ്ഥാൻ റോയൽസ്
2009 - ഡെക്കാൻ ചാർജേഴ്സ്
2010- ചെന്നൈ സൂപ്പർ കിംഗ്സ്
2011- ചെന്നൈ സൂപ്പർ കിംഗ്സ്
2012 - കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
2013- മുംബയ് ഇന്ത്യൻസ്
2014- കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
2015- മുംബയ് ഇന്ത്യൻസ്
2016- സൺറൈസേഴ്സ് ഹൈദരാബാദ്
2017-മുംബയ് ഇന്ത്യൻസ്
2018-ചെന്നൈ സൂപ്പർ കിംഗ്സ്
2019-മുംബയ് ഇന്ത്യൻസ്
2020- മുംബയ് ഇന്ത്യൻസ്
2021- ചെന്നൈ സൂപ്പർ കിംഗ്സ്
2022- ഗുജറാത്ത് ജയന്റ്സ്
5
കിരീടങ്ങൾ നേടിയ മുംബയ് ഇന്ത്യൻസാണ് ഇക്കാര്യത്തിൽ ഒന്നാമത്. ചെന്നൈ സൂപ്പർ കിംഗ്സ് നാലു തവണ ജേതാക്കളായി. കൊൽക്കത്ത രണ്ട് തവണയും രാജസ്ഥാൻ റോയൽസ്,ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്,ഗുജറാത്ത് ജയന്റ്സ് എന്നിവർ ഓരോ തവണയും ജേതാക്കളായി.
12
വേദികളിലായാണ് ഇക്കുറി പ്രാഥമിക ലീഗ് മത്സരങ്ങൾ നടക്കുന്നു.ധർമ്മശാലയും ബരസ്പാറയുമാണ് എക്സ്ട്രാ ഹോം ഗ്രൗണ്ടുകളായി അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഗുജറാത്ത് ജയന്റ്സ് കന്നിക്കിരീടം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |