ന്യൂഡൽഹി:എൻ.സി.പി. നേതാവ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി ലോക്‌സഭ സെക്രട്ടേറിയറ്റ് പിൻവലിക്കുകയും ലക്ഷദ്വീപ് എം.പി. സ്ഥാനം പുനഃസ്ഥാപിച്ച് നൽകുകയും ചെയ്‌തു. എം.പി സ്ഥാനം പുനഃസ്ഥാപിക്കാൻ മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തര വിജ്ഞാപനം ഇറക്കിയത്.
വധശ്രമക്കേസിലെ കുറ്റവും പത്ത് വർഷം തടവുശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്‌ത് രണ്ടുമാസം പിന്നിടുമ്പോഴാണ് നടപടി. കഴിഞ്ഞ ജനുവരി 25നായിരുന്നു കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.
മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീംകോടതി തീർപ്പാക്കി. അയോഗ്യത പിൻവലിച്ച നടപടി, കോടതി തീരുമാനങ്ങൾക്ക് വിധേയമായിരിക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
എം.പി. സ്ഥാനം പുനഃസ്ഥാപിക്കാനുണ്ടായ കാലതാമസത്തിനെതിരെ ലോക്‌സഭ സ്‌പീക്കർക്ക് കത്ത് നൽകുമെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു.
കുറ്റകൃത്യം ഗുരുതരമെന്ന് സുപ്രീംകോടതി
വധശ്രമക്കേസിലെ പത്ത് വർഷം ശിക്ഷയും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തത് വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി.നാഗരത്നയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗുരുതരമായ കേസുകളിൽ, കുറ്രക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാറുളളത് അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. രണ്ടുവർഷവും അതിൽ കൂടുതലും ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുന്ന ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പ് 8(3) കടുത്തതെന്നും കോടതി പറഞ്ഞു.
കോടതി നിരീക്ഷണങ്ങൾ
മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരം
ആക്രമണത്തിനിരയായ വ്യക്തിയുടെ ശരീരത്തിൽ പതിനാറ് പരിക്ക്
മുഹമ്മദ് ഫൈസൽ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്
ചികിൽസ കിട്ടിയില്ലായിരുന്നെങ്കിൽ മരിക്കുമായിരുന്നു എന്ന് ഡോക്‌ടറുടെ മൊഴി
എം.പിക്കും എം.എൽ.എക്കും ഒരു നിയമവും സാധാരണക്കാരന് മറ്റൊരു നിയമവും ഇല്ല
മുഹമ്മദ് ഫൈസലിന്റെ ഭാവി സുപ്രീംകോടതി തീർപ്പിന് വിധേയം
ലക്ഷദ്വീപ് എം.പി സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടിയ മുഹമ്മദ് ഫൈസലിനെതിരെയുളളത് ഗുരുതര കുറ്റമാണെന്നും കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് പരിശോധിക്കുമെന്നും മറ്റമുള്ള സുപ്രീംകോടതി പരാമർശങ്ങൾ തിരിച്ചടിയാകുമോയെന്ന് രാഷ്ട്രീയ - നിയമ വൃത്തങ്ങളിൽ ചർച്ചയാകുന്നു.
ഫൈസലിന്റെ അയോഗ്യത പിൻവലിച്ചത് കോടതി തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
വധശ്രമക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി സ്റ്രേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തള്ളിയാൽ മുഹമ്മദ് ഫൈസലിന് തിരിച്ചടിയാകുകയും വീണ്ടും അയോഗ്യനാകുകയും ചെയ്യും.
രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് തുല്യമല്ല മുഹമ്മദ് ഫൈസലിന്റെ അയോഗ്യതയെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസും, രാഹുൽ ഗാന്ധിക്കെതിരെയുളള അപകീർത്തിക്കേസും താരതമ്യം ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി അഭിഭാഷകനായ എം.ആർ. അഭിലാഷ് പറഞ്ഞു. വധശ്രമക്കേസിൽ പത്തുവർഷം കഠിനതടവാണ് മുഹമ്മദ് ഫൈസലിന് വിധിച്ചത്. രാഹുലിനാണെങ്കിൽ ഗുരുതരമല്ലാത്ത വകുപ്പിൽ വരുന്ന അപകീർത്തിക്കേസിലാണ് രണ്ട് വർഷം തടവ്. അതിനാൽ തന്നെ രാഹുൽ കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ ലഭിക്കാനാണ് സാധ്യത. മുഹമ്മദ് ഫൈസലിനെതിരെയുള്ളത് കൊലപാതക ശ്രമം അടക്കം ഗുരുതരമായ കുറ്റങ്ങളാണ്. രാഹുൽ ഗാന്ധിക്ക് അപ്പീൽ കോടതിയിൽ കിട്ടാൻ സാധ്യതയുളള ആനുകൂല്യം മുഹമ്മദ് ഫൈസലിന് കിട്ടണമെന്നില്ല. മുഹമ്മദ് ഫൈസലിന്റെ ഭാവി സുപ്രീംകോടതി തീർപ്പിന് വിധേയമായിരിക്കുമെന്നും നിയമവിദഗ്ദ്ധർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |