കറാച്ചി : വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പാകിസ്ഥാനി താലിബാൻ ( തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ) ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡി.എസ്.പി അടക്കം നാല് പൊലീസുകാർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലക്കി മർവാത് ജില്ലയിലാണ് സംഭവം. സാദർ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു വാഹനം.
പാകിസ്ഥാനിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പാകിസ്ഥാനി താലിബാന്റെ ഭീകരാക്രമണം ഗണ്യമായി ഉയരുകയാണ്. ജനുവരി 30ന് പെഷവാറിൽ പൊലീസ് ആസ്ഥാനത്തോട് ചേർന്ന മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 83 പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ കറാച്ചിയിലെ പൊലീസ് മേധാവിയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |