സോൾ : ഗർഭിണികളായ സ്ത്രീകളെയും, കുട്ടികളെയും ക്രൂരമായ ശിക്ഷാരീതികൾക്ക് വടക്കൻ കൊറിയ വിധേയരാക്കുന്നതായി ദക്ഷിണകൊറിയ ആരോപിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് മന്ത്രാലയം പുറത്ത് വിട്ടു. ഗർഭിണിയായ സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി എന്ന ഞെട്ടിപ്പിക്കുന്ന സംഭവവും റിപ്പോർട്ടിലുണ്ട്. ഭിന്നശേഷിക്കാരായ ആളുകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്ന നടപടിയെ കുറിച്ചും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.
ആറുമാസം ഗർഭിണിയായ യുവതിയെ വധശിക്ഷയ്ക്ക് വിധേയയാക്കിയതിന്റെ കാരണത്തെ കുറിച്ചും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. യുവതി ഡാൻസ് ചെയ്യുന്ന വീഡിയോ അടുത്തിടെ രാജ്യത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. കൊറിയൻ ഭരണാധികാരിയുടെ ചിത്രം വീഡിയോയിൽ കാണാനായതാണ് അധികാരികളെ പ്രകോപിപ്പിച്ചത്.
ഏകപക്ഷീയമായി ജനങ്ങളെ അടിച്ചമർത്തുന്ന രീതികളാണ് ഉത്തരകൊറിയ പിന്തുടരുന്നത്. സ്വവർഗരതി, മയക്കുമരുന്ന് ഉപയോഗം,മതവിശ്വാസം,ദക്ഷിണ കൊറിയയിൽ നിന്നുള്ളവീഡിയോകൾ കാണുക എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത്. വധശിക്ഷ വിധിക്കാൻ ഈ കുറ്റങ്ങൾ ഉത്തരകൊറിയയിൽ ധാരാളമാണ്. ദക്ഷിണ കൊറിയയിൽ നിന്നുള്ള വീഡിയോ കണ്ടതിനും, കറുപ്പ് അടങ്ങിയ സിഗരറ്റ് ഉപയോഗിച്ചതിനും ആറ് കുട്ടികളെ അടുത്തിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്തരകൊറിയയിൽ നിന്നും രക്ഷപ്പെട്ട് എത്തിയ അഞ്ഞൂറോളം പേരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഉത്തര കൊറിയക്കാരുടെ ജീവിക്കാനുള്ള അവകാശം കവർന്നെടുത്ത അവസ്ഥയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്തരകൊറിയൻ ഭരണകൂടം സ്വീകരിക്കുന്ന കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചുള്ള വീഡിയോ പുറത്ത് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |