പരീക്ഷാച്ചൂട് കഴിഞ്ഞു. വേനലവധിയുടേയും ഉത്സവ ങ്ങളുടേയും നാളുകളാണ് ഇനി. ഇത്തവണ വിഷു, ഈസ്റ്റർ, പെരുന്നാൾ എല്ലാം വരുന്നത് ഏപ്രിൽ മാസത്തിലാണ്. അങ്ങനെയുള്ള ആഘോഷങ്ങളുടെ പൊടിപൂരം നിറഞ്ഞ ഏപ്രിലിൽ നാട്ടിലെത്തി ഉറ്റവരെ കാണാനും അവരോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടാനും കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായിരിക്കുകയാണ് ബസ് നിരക്കിലെ വർദ്ധനവ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിരക്കിൽ 90 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ നിരവധി പേർ ബംഗളൂരുവിൽ ജോലി ചെയ്യുന്നവരാണ്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ അധിക പേരും ബസ് സർവീസിനെയാണ് ആശ്രയിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ ആറ് വരെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് ചാർജ്ജ് 3,700 രൂപ മുതൽ 4,000 രൂപ വരെയാണ്. നിരക്ക് കേട്ട് അന്ധാളിക്കാൻ വരട്ടെ...ഇവിടംകൊണ്ട് തീരുന്നില്ല ബസ് ചാർജ്ജ് വർദ്ധന. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എ.സി സ്ലീപ്പർ ബസിന് 1,100 രൂപയായിരുന്നു ശരാശരി ടിക്കറ്റ് നിരക്ക്. എ.സി സീറ്റർ-സ്ലീപ്പർ ബസിൽ ശരാശരി നിരക്ക് 700 രൂപ. ബസിലെ സൗകര്യം കൂടുന്നതിനനുസരിച്ച് നിരക്ക് വ്യത്യാസം ബാധകമാണ്.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രിൽ ഒന്ന് മുതൽ ആറ് വരെ 3,500 മുതൽ 4000 രൂപ വരെ നൽകണം. ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് എ.സി സ്ലീപ്പറിന് 3,000 മുതൽ 5,000 രൂപ വരെയാണ് നൽകേണ്ടത്. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ നിലവിലുള്ള സർവീസുകൾ കൂടാതെ, കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. 35 അധിക സർവീസുകളാണ് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അനുവദിച്ചിട്ടുള്ളത്. ഇതിലെ 30 സർവീസുകൾ ബംഗളൂരുവിലേക്കും അഞ്ച് സർവീസുകൾ ചെന്നൈയിലേക്കുമാണ്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി സ്ലീപ്പർ ബസുകൾക്ക് 1,950 രൂപയാണ് ഈടാക്കുക.
നോൺ എ.സി ഡീലക്സ് ബസുകൾക്ക് 1,600 രൂപയും ഈടാക്കും.
മാർച്ച് 31 ന് ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് സീറ്റർ ബസിന് 1,400 രൂപയോളമായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ വിഷുവിന്റെ തലേന്ന് ഏപ്രിൽ 14ന് ഇവിടേക്കുള്ള നിരക്ക് 1800 രൂപയാണ്. മാർച്ച് 31 ന് ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എ.സി സ്ലീപ്പർ ബസിന് 1,700 രൂപയാണ്. എന്നാൽ, ഏപ്രിൽ 14ന് ഇവിടേക്കുള്ള നിരക്ക് എത്രയെന്നറിയണ്ടേ...3,300 രൂപ വരെ!. വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ ജില്ലകളിലേക്കുമുള്ള ചാർജ്ജ് നിരക്കിന്റെ സ്ഥിതിയും ഇതുതന്നെയാണ്. ഗണ്യമായ രീതിയിൽ വർദ്ധനയുണ്ടായിരിക്കുന്നു.
വിഷു ഏപ്രിൽ 15ന് ആയതിനാൽ ഏപ്രിൽ 14ന് നാട്ടിലേക്ക് തിരിക്കാൻ കാത്തിരിക്കുന്നത് നിരവധി പേരാണ്. എന്നാൽ ഏപ്രിൽ 14ന് ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടവർ ശ്രദ്ധിക്കുക. ഈ യാത്രയ്ക്കുള്ള എ.സി സ്ലീപ്പർ ബസിൽ 1,400 മുതൽ 1,699 രൂപ വരെ ഈടാക്കാൻ പലരും കാത്തിരിക്കുകയാണ്. ശരാശരി 1,899 രൂപയിലുള്ള ബിസിനസ് ക്ലാസ് എ.സി സ്ലീപ്പർ ബസുമുണ്ട്. ചിലപ്പോൾ ഒരു കുടുംബത്തിലെ നാലോ അഞ്ചോ പേർക്കോ അല്ലെങ്കിൽ അതിൽ കൂടുതൽ പേർക്കോ നാട്ടിലേക്ക് വരാനുണ്ടാകും. തുച്ഛമായ ശമ്പളത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരും ഇക്കൂട്ടത്തിൽ ധാരാളമാണ്. ഇത്തരം സന്ദർഭങ്ങളിൽ കൂട്ടിവെച്ച പണത്തിന്റെ നല്ലൊരു പങ്കും ടിക്കറ്റിനായി മാത്രം ചെലവഴിക്കാൻ സാധിച്ചെന്നുവരില്ല. പ്രിയപ്പെട്ടവർക്കൊപ്പം വിഷു ആഘോഷിക്കാൻ കാത്തിരിക്കുന്ന പലർക്കും ഈ ബസ് ചാർജ്ജ് വർദ്ധന കാരണം നാട്ടിലേക്ക് വരാൻ കഴിയില്ല. വീട്ടുകാരിൽ നിന്നകന്ന് ആഘോഷമില്ലാതെ വിഷു ആഘോഷിക്കേണ്ടി വരും.
ഓൺലൈൻ ബുക്കിംഗ് ആപ്പുകൾ വഴിയാണ് കേരളത്തിന് പുറത്തുള്ള മലയാളികൾ സ്വകാര്യ സ്ലീപ്പർ, സീറ്റർ ബസ് ടിക്കറ്റുകളെല്ലാം എടുക്കുന്നത്. ഇത്തരം ആപ്പുകളിൽ മുൻകൂറായി ഓരോ ദിവസത്തേക്കും ചാർജ്ജ് നിരക്ക് നൽകിയിട്ടുണ്ടാകും. സ്വകാര്യ ബസുകളിൽ ഇത്തരം ചാർജ്ജ് വർദ്ധന ഉണ്ടാകുമ്പോൾ വിഷയത്തെ ഗൗരവമായിക്കണ്ട് സർക്കാർ നടപടികൾ സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. എല്ലാ ഏപ്രിലിലും ഈസ്റ്ററിനും വിഷുവിനും ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. ട്രെയിൻ ലഭ്യമാണെങ്കിലും അവ വൈകിയോടുന്നതിനാലാണ് കൂടുതൽ പേരും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ നിരക്ക് എത്ര ഉയർത്തിയാലും യാത്രക്കാരുണ്ടാകുമെന്ന അമിത ആത്മവിശ്വാസമാണ് ഇങ്ങനെ തോന്നുന്ന രീതിയിൽ നിരക്ക് ഉയർത്താൻ പ്രേരിപ്പിക്കുന്നത്. കോണ്ട്രാക്ട് കാരിജ് ബസുകൾ ടിക്കറ്റ് നിരക്കുവച്ച് സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
മനുഷ്യരാശിയെ സംബന്ധിച്ച് ആഘോഷ ദിനങ്ങൾ എന്നും പ്രിയപ്പെട്ടതാണ്. ആഘോഷങ്ങൾ ആഘോഷിച്ച് തന്നെ തീർക്കേണ്ടതുമാണ്. ഉത്സവസീസൺ ലക്ഷ്യമിട്ട് ഇത്തരത്തിൽ ചാർജ്ജ് വർദ്ധന നടത്തുമ്പോൾ ചുരുങ്ങിയ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്ക് നാടിന്റേയും ഒത്തൊരുമയുടേയും ഓർമ്മകൾ പേറി ഉത്സവകാലത്ത് അന്യനാട്ടിൽ തുടരാനേ സാധിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |