കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീവച്ചയാൾ പിടിയിൽ. ഐക്കരനാട് സൗത്ത് പരിയാരം മീമ്പാറ കദളിപറമ്പിൽ ശങ്കറിനെയാണ്(44) പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ് 24ന് രാത്രി ഒരു മണിക്കാണ് സംഭവം. ഇയാളുടെ കുടുംബവീടിന് സമീപമാണ് പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്ലാസ്റ്റിക് സൂക്ഷിച്ച വിരോധമാണ് തീവയ്ക്കാൻ കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഏഴ് കടമുറികളിലും മുറ്റത്തുമായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും പൊടിക്കാൻ ഉപയോഗിക്കുന്ന മെഷീനുകളും കെട്ടിടത്തിന്റെ വയറിംഗുകളും കത്തിനശിച്ചു. സംഭവത്തിന് ശേഷം വയനാട്ടിൽ ഒളിവിലായിരുന്നു ശങ്കർ. ഡിവൈ.എസ്.പി ടി.ബി. വിജയൻ, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ കെ.എസ്. ശ്രീദേവി, എ.എസ്.ഐ മനോജ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |